കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് യച്ചൂരിയും പിണറായിയും

സീതാറാം യച്ചൂരി

ന്യൂഡൽ‍ഹി ∙ നാളെ ബെംഗളൂരുവിൽ ജെഡിഎസ്–കോൺഗ്രസ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഇന്നലെ പൊളിറ്റ് ബ്യൂറോയാണ് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ക്ഷണം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസിനോടുള്ള സമീപനത്തിൽ പാർട്ടികോൺഗ്രസിലെടുത്ത തീരുമാനത്തോട് കാരാട്ട്പക്ഷം അകലം പാലിക്കുമ്പോഴാണ് ഇത്.

കർണാടകയിലെ തിരഞ്ഞെടുപ്പു ഫലം ബിജെപിയുടെയല്ല, കോൺഗ്രസിന്റെ പരാജയമാണെന്ന് പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ പ്രകാശ് കാരാട്ട് വാദിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ക്ഷേത്രങ്ങളും മറ്റും സന്ദർശിച്ചതിനെയും കാരാട്ട് വിമർശിച്ചിരുന്നു. ജെഡിഎസിനെ കോൺഗ്രസ് പിന്തുണച്ചതു മാത്രമാണ് നല്ലകാര്യമെന്നും പറഞ്ഞു. പിന്നാലെ വൃന്ദ കാരാട്ടും കോൺഗ്രസിനെതിരെ വിമർശനമുയർത്തി. എന്നാൽ, ബെംഗളൂരുവിലെ ചടങ്ങിൽ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും പങ്കെടുക്കുന്നത് ഉചിതമാണെന്നു പിബി വിലയിരുത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യം വിഷയമാക്കേണ്ടതില്ലെന്നും തീരുമാനിച്ചു. 2015 നവംബർ 20ന് പട്നയിൽ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ യച്ചൂരിയും മമതയും പങ്കെടുത്തിരുന്നു. അന്നു സിപിഎമ്മിൽനിന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനും ക്ഷണമുണ്ടായിരുന്നു. എന്നാൽ, മണിക് പങ്കെടുത്തില്ല.

കോൺഗ്രസിനോടുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോഴും അനുകൂല നിലപാടെടുക്കാത്ത കാരാട്ടും വൃന്ദയും, യച്ചൂരി ബെംഗളൂരുവിലേക്കു പോകുന്നതിനെ എതിർത്തില്ലെന്നാണു സൂചന. യച്ചൂരിയെയും പിണറായിയെയും കുമാരസ്വാമിതന്നെയാണു ക്ഷണിച്ചത്. കേന്ദ്രത്തിലെ പിബി അംഗങ്ങളുടെ ജോലിവിഭജനം സംബന്ധിച്ച് പിബി ചർച്ച നടത്തിയെന്നും അന്തിമ തീരുമാനം അടുത്തമാസത്തെ കേന്ദ്രകമ്മിറ്റിയിലുണ്ടാവുമെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു.