വിമാനടിക്കറ്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം നൽകേണ്ട

ന്യൂഡൽഹി ∙ ആഭ്യന്തര വിമാന യാത്രക്കാർക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ട്, ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്ക് ഉപാധികളോടെ ഒഴിവാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശുപാർശ. ബുക്ക് ചെയ്ത് 24 മണിക്കൂറിനകം റദ്ദാക്കുന്ന ടിക്കറ്റിനു മേൽ നിരക്ക് ഈടാക്കരുതെന്നു ശുപാർശ ചെയ്യുന്ന കരട് വിമാനയാത്രാ ചട്ടം വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പുറത്തിറക്കി. രാജ്യ‌ത്ത് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ചട്ടം ബാധകമായിരിക്കും. കരടു ചട്ടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ 30 ദിവസമുണ്ട്. ഇതിനു ശേഷം രണ്ടു മാസത്തിനകം വിജ്ഞാപനമിറക്കും. 

ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ:

∙ ടിക്കറ്റെടുത്ത് 24 മണിക്കൂറിനകം റദ്ദാക്കിയാൽ ആഭ്യന്തര യാത്രക്കാരിൽനിന്നു പണം ഈടാക്കാനാവില്ല. ഈ സമയപരിധിക്കുള്ളിൽ പേരിലും യാത്രാ തീയതിയിലും സൗജന്യമായി മാറ്റം വരുത്താം. 

∙ വിമാനം പുറപ്പെടുന്നതിനു നാലു ദിവസം മുൻപ് (96 മണിക്കൂർ) ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് ബാധകം. അതിനു ശേഷമുള്ള ടിക്കറ്റുകളിൽ റദ്ദാക്കൽ നിരക്ക് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ടിക്കറ്റിന്റെ അടിസ്ഥാന വില, ഇന്ധന സർച്ചാർജ് എന്നിവ ചേർന്നുള്ള തുകയേക്കാൾ അധികമാവരുത്. 

∙ തുടർ യാത്രയ്ക്കുള്ള വിമാനം (കണക്‌ഷൻ വിമാനം) 12 മണിക്കൂറിലധികം വൈകിയാൽ യാത്രക്കാരന് 20,000 രൂപ നഷ്ടപരിഹാരം. നാലു മുതൽ 12 മണിക്കൂർ വരെ വൈകിയാൽ നഷ്ടപരിഹാരം 10,000 രൂപ. 

∙ ശുപാർശ ലംഘിച്ചു റദ്ദാക്കൽ നിരക്ക് ഈടാക്കുകയും നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്യുന്ന വിമാന കമ്പനികൾക്കെതിരെ നടപടി. 

∙ വിമാനം റദ്ദാക്കിയാൽ അക്കാര്യം പുറപ്പെടൽ സമയത്തിന് 24 മണിക്കൂർ മുൻപെങ്കിലും യാത്രക്കാരനെ അറിയിക്കണം. അതിനു സാധിച്ചില്ലെങ്കിൽ പുറപ്പെടൽ സമയത്തിന്റെ രണ്ടു മണിക്കൂറിനുള്ളിൽ മറ്റൊരു വിമാനം ഏർപ്പാടാക്കുകയോ ടിക്കറ്റ് നിരക്ക് തിരകെ നൽകുകയോ വേണം. 

∙ ഭിന്നശേഷിക്കാർക്കായി വിമാനത്തിൽ ഏതാനും സീറ്റുകൾ മാറ്റിവയ്ക്കണം. 

ഇനി ‘ടിക്കറ്റില്ലാ’ വിമാനയാത്ര

ന്യൂഡൽഹി ∙ തലക്കെട്ടു വായിച്ചു സന്തോഷിക്കാൻ വരട്ടെ. പേപ്പർ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഡിജി–യാത്ര പദ്ധതിക്കാണു കേന്ദ്ര സർക്കാർ രൂപം നൽകുന്നത്. എയർസേവ–2 പോർട്ടലിൽ യാത്രക്കാർ ഡിജി യാത്ര ഐഡി എടുത്താൽ അതുപയോഗിച്ച് പേപ്പർ ടിക്കറ്റുകളില്ലാതെ വിമാനത്തിൽ കയറാം. ആധാർ സംവിധാനം ഉപയോഗിച്ചു യാത്രക്കാരുടെ ഡേറ്റാബേസ് തയാറാക്കിയാണ് ‍ഡിജി യാത്രാ ഐഡി നൽകുക. ഈ സംവിധാനം പ്രയോജനപ്പെടുത്തണോ എന്ന് യാത്രക്കാർക്കു തീരുമാനിക്കാം. വേണ്ടാത്തവർക്ക് പേപ്പർടിക്കറ്റും ബോർഡിങ് പാസും ഉപയോഗിക്കാം. ഡിജി ഐഡി ഉണ്ടെങ്കിൽ സെക്യൂരിറ്റി പരിശോധനയ്ക്കും ബാഗ് പരിശോധനയ്ക്കും ബോർഡിങ്ങിനും മറ്റും ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. യാത്രക്കാർക്കും സൗകര്യം, എയർലൈനുകൾക്ക് ജീവനക്കാരുടെ എണ്ണവും കുറയ്ക്കാം.