പാക്ക് പീരങ്കി ആക്രമണത്തിൽ 20 പേർക്കു പരുക്ക്

ശ്രീനഗർ ∙ അഖ്നൂർ മുതൽ സാംബ വരെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ പീരങ്കിയാക്രമണത്തിൽ എഴുപതുകാരി കൗസല്യാദേവി ഉൾപ്പെടെ 20  നാട്ടുകാർക്കു പരുക്കേറ്റു. അതിർത്തിരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാൻ ഈ മേഖലയിൽ വെടിവയ്പു തുടരുകയാണ്. ഇതേസമയം, പാക്ക് ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ ഏഴുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു ജമ്മു ഹൈക്കോടതി ബാർ‌ അസോസിയേഷൻ അംഗങ്ങൾ കോടതി ബഹിഷ്കരിച്ചു. ഇതുമൂലം വിവിധ കോടതികളിലെ നടപടികൾ തടസ്സപ്പെട്ടു.

കശ്മീരിലെ ഷോപിയാനിൽ സൈനികരുടെ ഇഫ്താർ വിരുന്നിനെതിരെ പ്രതിഷേധിച്ചവരെ സൈന്യം വെടിവച്ചതായി ആരോപണമുണ്ട്. സഹോദരിമാരുൾപ്പെടെ നാലു സ്ത്രീകൾക്കു പരുക്കേറ്റു. ഡികെ പുര മേഖലയിൽ രാഷ്ട്രീയ റൈഫിൾസ് നാട്ടുകാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്നിനു വേണ്ടി മുസ്‌ലിം പള്ളിക്കു സമീപം കൂടാരം ഉയർത്തിയതാണു സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നു സൈനിക വക്താവ് അറിയിച്ചു. സൈന്യത്തിന്റെ ഭാഗം വിശദീകരിക്കാനായി ലഫ്.ജനറൽ എ.കെ.ഭട്ട് വിളിച്ച മാധ്യമസമ്മേളനം അവസാനനിമിഷം റദ്ദാക്കി.