സർക്കാർ ബംഗ്ലാവ് ഒഴിയാൻ സമയം വേണമെന്ന് തിവാരിയും മുലായം സിങ് യാദവും

ലക്നൗ ∙ ഔദ്യോഗിക വസതിയായി ഉപയോഗിച്ച സർക്കാർ ബംഗ്ലാവുകൾ ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി.തിവാരിയും മുലായം സിങ് യാദവും. തിവാരി വാർധക്യസഹജമായ രോഗങ്ങളാൽ അവശനാണെന്നും ബംഗ്ലാവ് ഒഴിയാൻ ഒരു വർഷം കൂടി സമയം വേണമെന്നുമാണ് തിവാരിയുടെ ഭാര്യ ഉജ്ജ്വല മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

ഔദ്യോഗിക വസതി ഒഴിയാൻ രണ്ടു വർഷം കൂടി അനുവദിക്കണമെന്നാണ് മുൻ മുഖ്യമന്ത്രിയും സമാജ് പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ അഭ്യർഥന. ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിമാർക്ക് ജീവിതാന്ത്യം വരെ ഔദ്യോഗിക വസതി അനുവദിച്ചുകൊണ്ട് അഖിലേഷ് യാദവിന്റെ ഭരണകാലത്തു കൊണ്ടുവന്ന നിയമഭേദഗതി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് വസതി ഒഴിയാൻ ആറു മുൻ മുഖ്യമന്ത്രിമാർക്ക് യോഗി സർക്കാർ നോട്ടിസ് അയച്ചത്.