2019ലേക്കു വാതിൽ തുറന്ന് ‘ഐക്യ’ കർണാടക

കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സ്ഥാനമേൽക്കുന്ന ചടങ്ങിനെത്തിയ മായാവതിയും സോണിയാഗാന്ധിയും സൗഹൃദം പങ്കുവയ്ക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ന്യൂഡൽഹി ∙ കർണാടകയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞച്ചടങ്ങ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ െഎക്യനിര രൂപംകൊള്ളുന്നതിന്റെ സൂചനകൂടിയായി. ബിജെപിക്കെതിരായ പോരാട്ടത്തിന് ഒറ്റയ്ക്കൊറ്റയ്ക്കു കഴിയാത്തതിനാൽ ഒറ്റക്കെട്ടായി നിൽക്കുകയേ വഴിയുള്ളൂ എന്ന യാഥാർഥ്യത്തിൽനിന്നാണ് ഈ കൂട്ടായ്മ ഉടലെടുക്കുന്നത്. പ്രതിപക്ഷത്തെ െഎക്യത്തിന് ഇനിയും കടമ്പകൾ ഏറെയുണ്ടെങ്കിലും ഇത് ഒരു തുടക്കമാണ്; ബിജെപിക്കും നരേന്ദ്ര മോദിക്കുമുള്ള മുന്നറിയിപ്പും. 

പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമേ ബെംഗളൂരുവിൽ എത്താതിരുന്നുള്ളൂ – ഒഡീഷയിലെ നവീൻ പട്നായിക്കും തമിഴ്നാട്ടിലെ എടപ്പാടി കെ.പളനിസ്വാമിയും. തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു തലേദിവസം സ്ഥലത്തെത്തി ആശംസയറിയിച്ചു. തമിഴ്നാട്ടിൽനിന്നു സ്റ്റാലിനാകട്ടെ, തൂത്തുക്കുടി വെടിവയ്പു കാരണമാണു യാത്ര മാറ്റിയത്. 

ഒഡീഷ ഒറ്റയ്ക്കു പിടിച്ചടക്കാൻ ബിജെപി ഒരുങ്ങുകയാണ്. അതിന്റെ മുന്നോടിയാണു മോദിസർക്കാരിന്റെ നാലാം വാർഷികം കട്ടക്കിൽ നടത്തുന്നത്. 

കർണാടകയിൽ ബുധനാഴ്ച കണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരുദ്ധ ചേരികളിൽ നിൽക്കുന്ന വിവിധ കക്ഷികളുടെ ഒത്തുചേരൽകൂടിയാണ് – കോൺഗ്രസും സിപിഎമ്മും, തൃണമൂലും ഇടതുപക്ഷവും, എസ്പിയും ബിഎസ്പിയും. ഇവരൊക്കെ സ്വന്തം തട്ടകങ്ങളിൽ പരസ്പരം പോരടിച്ചു പോന്നവരാണ്. എന്നാൽ, ഇപ്പോൾ ബിജെപിക്കെതിരായ നീക്കത്തിൽ അവർ ഒരുമിച്ചു നിൽക്കാൻ തയാറായിരിക്കുന്നു.

ഈ കൂട്ടുകെട്ടിൽ എൻസിപിയും തെലുഗുദേശവും കമൽഹാസന്റെ മക്കൾ നീതി മയ്യവുമുണ്ട്. രാജ്യത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള കക്ഷികളുണ്ട്. 21 സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഇതു തീർച്ചയായും വെല്ലുവിളിതന്നെയാണ്. 

പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഉത്തർപ്രദേശിൽ ഗോരഖ്പുരിലും ഫുൽപുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. അവിടെ എസ്പി – ബിഎസ്പി സഖ്യത്തോടെപ്പം കോൺഗ്രസ് ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ കയ്റാനയിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും അവരോടൊപ്പമാണ്. 

പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിന്റെ മേൽക്കൈ അംഗീകരിക്കാൻ മടിക്കുന്ന മമത ബാനർജി ബെംഗളൂരുവിൽ എത്തിയതു ശ്രദ്ധേയമാണ്. 

മൂന്നാം മുന്നണിക്കുവേണ്ടി മമത ശ്രമിക്കുന്നു എന്നതു രഹസ്യമല്ല. എന്നാൽ, നിലവിലുള്ള സാഹചര്യത്തിൽ ഈ പ്രതിപക്ഷ െഎക്യനിര കൈവിടാൻ മമത തയാറുമല്ല.