സമഗ്ര ശിക്ഷാ പദ്ധതിക്കു തുടക്കം; സ്കൂളുകൾക്ക് ലക്ഷം വരെ ഗ്രാന്റ്

ന്യൂഡൽഹി ∙ ഭിന്നശേഷിയുള്ള കുട്ടികൾക്ക് 200 രൂപ പ്രതിമാസ സ്റ്റൈപൻഡ്, സ്കൂൾ ലൈബ്രറികൾക്ക് 20,000 രൂപ വരെ വാർഷിക ധനസഹായം, ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനത്തിനു പ്രത്യേക പദ്ധതി – രാജ്യത്തെ 12.5 ലക്ഷം സർക്കാർ സ്കൂളുകൾക്കു പുതിയ മുഖച്ഛായ നൽകുന്ന പദ്ധതി ‘സമഗ്ര ശിക്ഷ’ കൊണ്ടുവരുന്ന മാറ്റങ്ങളാണിവ. 

പുതിയ അധ്യയന വർഷം നടപ്പിലാകുന്ന പദ്ധതിക്ക് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ ഇന്നലെ തുടക്കം കുറിച്ചു. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനു മുൻഗണന നൽകി രൂപം കൊടുത്ത സർവ ശിക്ഷാ അഭിയാന്റെ (എസ്എസ്എ) തുടർച്ചയാണിത്. പഠന നില‌വാരവും മികവും വർധിപ്പിക്കുകയാണ് ഇനി ലക്ഷ്യമെന്നു മന്ത്രി അറിയിച്ചു. 

ദിവസവും ‘സ്പോർട്സ്  അവർ’

കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാക്കി. ദിവസവും ‘സ്പോർട്സ് അവർ’ നിർബന്ധം. രാജ്യസഭാംഗം കൂടിയായ സച്ചിൻ തെൻഡുൽക്കറുടെ സന്ദേശം ഉൾക്കൊണ്ടാണു നടപടി.  കാ‌യികോപകരണങ്ങൾ വാങ്ങാൻ സ്കൂളുകൾക്ക് 25,000 രൂപ വരെ ധനസഹായം. 

മറ്റു പ്രധാന നിർദേശങ്ങൾ 

∙ സ്കൂൾ അടിസ്ഥാനസൗകര്യ വികസന ഗ്രാന്റ് ഇരട്ടിയാക്കി; കുട്ടികളുടെ എണ്ണമനുസരിച്ച് വർഷം 25,000– ഒരു ലക്ഷം രൂപ

∙ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ 12–ാം ക്ലാസ് വരെയാക്കി; നിലവിൽ എട്ടാം ക്ലാസ് വരെ

∙ യൂണിഫോമിന് പ്രതിവർഷം 600 രൂപ; നിലവിൽ  400 രൂപ

∙ പാഠപുസ്തകങ്ങൾ വാങ്ങാൻ 250–400 രൂപ; നിലവിൽ 150–250 രൂപ

∙ പെൺകുട്ടികൾക്കു സ്വയം പ്രതിരോധ പരിശീലനം

‌∙ വിദൂരമേഖലകളിൽ ഓരോ വിദ്യാർഥിക്കും പ്രതിവർഷം 6000 രൂപ വരെ യാത്രാ അലവൻസ്

∙ പ്രതിവർഷം 41,000 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാനു സർക്കാർ നീക്കിവയ്ക്കും.

ആദ്യ രണ്ടു തലങ്ങൾ നടപ്പാക്കി കേരളം

തിരുവനന്തപുരം ∙ നാലു തലങ്ങളിലായാണു തൊഴിൽ, നൈപുണ്യപരിശീലനം. ഇതിൽ ഒൻപത്, 10 ക്ലാസുകളിലായുള്ള ആദ്യ രണ്ടു തലങ്ങൾ കേരളം നടപ്പാക്കിക്കഴിഞ്ഞു. ഇരു ക്ലാസുകളിലും പരിശീലനത്തേക്കാളുപരി ബോധവൽകരണമാണു ലക്ഷ്യം. കേരളത്തിലെ സ്കൂളുകളിൽ നിലവിലുള്ള ഐടി പരിശീലനം, പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ ദിശയിൽ പര്യാപ്തമാണെന്നു കേന്ദ്രം അംഗീകരിച്ചു. മൂന്ന്, നാല് ഘട്ടങ്ങളിലായുള്ള നൈപുണ്യവികസനം കേരളത്തിലെ 66 വിഎച്ച്എസ്ഇ സ്കൂളുകളിൽ ഈ വർഷം നടപ്പാകും.