Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഗ്ര: കേരളത്തിന് 729 കോടിയുടെ പദ്ധതി

തിരുവനന്തപുരം∙ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം അടുത്ത അധ്യയന വർഷം സംസ്ഥാനത്തിന് അനുവദിച്ചത് 729 കോടി രൂപയുടെ പദ്ധതി. 1941 കോടിയുടെ പദ്ധതി സംസ്ഥാനം സമർപ്പിച്ചെങ്കിലും കേന്ദ്രം 729 കോടിയേ അംഗീകരിച്ചുള്ളൂ. ഇതിന്റെ 60% കേന്ദ്രം നൽകണം. കഴിഞ്ഞ വർഷം സർവശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനു(ആർഎംഎസ്എ)മായി കേന്ദ്രം അനുവദിച്ചത് 667 കോടി രൂപയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വെറും 157 കോടിയാണു കേന്ദ്രം നൽകിയത്. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ ഒറ്റ സംവിധാനമായി പോകുന്നതിനാണു സമഗ്ര ശിക്ഷാ അഭിയാനിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അങ്കണവാടികളെ സ്കൂളുകളുമായി ബന്ധിപ്പിക്കും. ആദ്യഘട്ടമായി നാല് അങ്കണവാടിക്ക് ഒരു സ്കൂൾ എന്ന ക്രമത്തിൽ 4000 അങ്കണവാടികളെ 1000 സ്കൂളുകളുമായി ബന്ധിപ്പിക്കും. അങ്കണവാടിക്കു സ്വന്തം കെട്ടിടമില്ലെങ്കിൽ സ്കൂൾ വളപ്പിൽ തന്നെ ഒരുക്കും.

സംസ്ഥാനത്തെ 33,000 അങ്കണവാടികളെയും ഇങ്ങനെ സ്കൂളുകളുമായി ബന്ധിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. പ്രാരംഭ ചെലവായി ഒരു സ്കൂളിന് ഒരു ലക്ഷം രൂപ വീതം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വർഷം അടിസ്ഥാന സൗകര്യം ഒരുക്കാൻ 24 കോടിയേയുള്ളൂ. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 52.5 കോടി, അധ്യാപക പരിശീലനത്തിനു 103 കോടി, ലൈബ്രറികൾ ശക്തമാക്കാൻ നാലരക്കോടി.

സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, വിദ്യാർഥികൾക്കുള്ള വാഹന സൗകര്യം തുടങ്ങിയവയ്ക്കെല്ലാം തുക അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എസ്എസ്എയും ആർഎംഎസ്എയും ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചുവെങ്കിലും ഇതിന്റെ നടപടി പൂർത്തിയാകാ‍ൻ രണ്ടു മാസം എടുക്കുമെന്നു പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. 

600 അധ്യാപക നിയമനം കൂടി

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള അധ്യാപകരുടെ എണ്ണം നാലു വിഭാഗങ്ങളിലായി 2400 ആയി ഉയർത്തും. എസ്എസ്എയ്ക്കും ആർഎംഎസ്എയ്ക്കും കീഴിൽ നിലവിൽ 1800 അധ്യാപകരുള്ളതിനാൽ 600 പേർക്കു കൂടി ജോലി ലഭിക്കും. ഈ വിഭാഗത്തിൽപ്പെട്ട അഞ്ചു കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ ഒരു അധ്യാപികയുടെ സേവനം വിട്ടു കൊടുക്കും. അഞ്ചിൽ താഴെയാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം അധ്യാപകർ എത്തും. ഭിന്നശേഷിക്കാർക്കായി 56.46 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്.