നാഷനൽ ഹെറൾഡ് കേസ്: രേഖകൾ ചോദിക്കാൻ സ്വാമിക്ക് അനുമതി

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട േരഖകൾ ഹാജരാക്കാൻ എതിർ കക്ഷികളോട് ആവശ്യപ്പെടാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കു കോടതിയുടെ അനുമതി. രേഖകൾ നിലനിൽക്കുന്നതാണോ എന്നു പിന്നീടു തീരുമാനിക്കും.

തന്റെ കൈവശമുള്ള രേഖകളുടെ സാധുത സ്ഥിരീകരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർക്കു നിർദേശം നൽകണമെന്ന സ്വാമിയുടെ ആവശ്യം മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി നിരസിച്ചു. കേസിൽ ഒരുവർഷത്തിനുള്ളിൽ തീർപ്പുകൽപിക്കുമെന്നും വ്യക്തമാക്കി.

നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ചുള്ളതാണു സ്വാമിയുടെ ഹർജി. സോണിയ, രാഹുൽ എന്നിവർക്കു പുറമേ മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബെ എന്നിവരാണ് എതിർ കക്ഷികൾ.