തെറ്റായ സന്ദേശം: ട്രാൻസ്ജെൻഡറിനെ ജനക്കൂട്ടം കൊന്നു

ഹൈദരാബാദ് ∙ കുട്ടികളെ റാഞ്ചുന്ന സംഘം എത്തിയതായി സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് ചന്ദ്രയാൻഗുട്ടയിലെ നസീബ്നഗറിൽ ട്രാൻസ്ജെൻഡറിനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. ആക്രമണത്തിനിരയായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട മറ്റൊരാളിനും സുഹൃത്തിനും പരുക്കേറ്റു. റമസാൻമാസത്തിൽ സക്കാത്ത് വാങ്ങാൻ എത്തിയവരാണ് ആക്രമിക്കപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. അർധരാത്രിക്കുശേഷം വഴിയിൽ കണ്ട ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നു ചിലർ പ്രചാരണം നടത്തിയതോടെ ജനക്കൂട്ടം സംഘടിച്ചെത്തുകയായിരുന്നു.