വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇന്ത്യ–പാക്ക് സൈനിക ധാരണ

ന്യൂഡൽഹി∙ അതിർത്തിയിൽ സംഘർഷം അവസാനിപ്പിക്കാൻ ഊർജിത നടപടി സ്വീകരിക്കുന്നതിന് ഇന്ത്യ– പാക്ക് സൈനിക ധാരണ. 2003 ലെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിൽ ഹോട്‌ലൈൻ വഴി നടത്തിയ ആശയവിനിമയത്തിൽ തീരുമാനമായി.

അതിർത്തിയിൽ സമീപകാലത്ത് സംഘർഷങ്ങൾ വർധിച്ചതു കണക്കിലെടുത്ത്, ഇന്നലെ വൈകിട്ട് ആറിനാണ് ഇരു രാജ്യങ്ങളും ബന്ധപ്പെട്ടത്. റമസാൻ മാസത്തിൽ കശ്മീർ താഴ്‌വരയിൽ ഭീകരർക്കെതിരായ നടപടി നിർത്തിവയ്ക്കാൻ കഴിഞ്ഞ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിർത്തിയിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

വെടിനിർത്തലിനു സമ്മതമറിയിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഏറെക്കുറെ ഒരേ വാചകങ്ങളിലുള്ള വാർത്താക്കുറിപ്പുമിറക്കി. സംഘർഷം ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കും. ഹോട്‌ലൈൻ ആശയവിനിമയത്തിലൂടെയും സൈനിക കമാൻഡർമാർ തമ്മിലുള്ള ചർച്ചകളിലൂടെയും (ഫ്ലാഗ് മീറ്റിങ്) പ്രശ്നം രമ്യമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലും ഈ വർഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് എഴുനൂറിലധികം തവണ. 18 സൈനികരും 20 ഗ്രാമീണരുമാണു പാക്ക് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.