സീറ്റ് വിഭജനം: ബിഹാറിൽ ബിജെപിക്കെതിരെ സഖ്യകക്ഷികൾ; 25 സീറ്റ് വേണമെന്ന് ജനതാദൾ (യു)

അമിത് ഷാ, നിതീഷ് കുമാർ.

പട്ന∙ ബിഹാറിൽ സഖ്യകക്ഷികളെ ഒതുക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാനുള്ള ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നീക്കത്തിനെതിരെ എൻഡിഎയിൽ പോരുമുറുകി. സീറ്റ് വിഭജനകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നു സഖ്യകക്ഷികളായ ജനതാദൾ (യു), ലോക് ജനശക്തി പാർട്ടി (എൽജെപി), രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) നേതാക്കൾ ബിജെപിയോട് ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഏഴിനു ബിജെപി സംഘടിപ്പിക്കുന്ന അത്താഴവിരുന്നിനോടൊപ്പം ചേരുന്ന എൻഡിഎ നേതൃയോഗത്തിൽ സീറ്റുവിഭജനം ചർച്ചയാക്കണമെന്നും സഖ്യകക്ഷികൾ നിർദേശംവച്ചു.

ബിഹാറിലെ എൻഡിഎയിൽ പ്രബലകക്ഷിയായ ജനതാദൾ (യു) സീറ്റുവിഭജനത്തിലും ‘വല്യേട്ടന്റെ’ ചുമതലകൾ നിർവഹിക്കുമെന്നു ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു. 2009 ലോക്സഭാ തിരഞ്ഞെടുപ്പിലെ ജെഡിയു–ബിജെപി (25:15) സീറ്റ് വിഭജന അനുപാതത്തിൽ ഇത്തവണയും ജെഡിയുവിന് 25 സീറ്റ് വേണമെന്നാണ് ആവശ്യം.

ബിജെപിയും ജെഡിയുവും വേർപിരിഞ്ഞു മൽസരിച്ച 2014ൽ എൻഡിഎ മുന്നണിയിൽ ബിജെപി 29 സീറ്റുകളിലും എൽജെപി ഏഴു സീറ്റുകളിലും ആർഎൽഎസ്പി നാലു സീറ്റുകളിലുമാണു മൽസരിച്ചത്. ജെഡിയു മുന്നണിയിലേക്കു മടങ്ങിവന്ന സാഹചര്യത്തിൽ എൽജെപിയുടെയും ആർഎൽഎസ്പിയുടെയും സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്നു ബിജെപി കേന്ദ്രനേതൃത്വം എൽജെപി നേതാവ് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെയും ആൽഎൽഎസ്പി നേതാവ് കേന്ദ്രമന്ത്രി ഉപേന്ദ്ര ഖുഷ്‌വാഹയെയും അറിയിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച 22 സീറ്റുകളിലൊന്നു പോലും വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് അമിത് ഷാ. വിജയസാധ്യതയുള്ള ചില സീറ്റുകൾ കൂടി ഉൾപ്പെടുത്തി കുറഞ്ഞത് 25 സീറ്റിൽ ബിജെപി അവകാശവാദമുന്നയിക്കും. അവശേഷിക്കുന്ന 15 സീറ്റുകൾ കൊണ്ടു മൂന്നു സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നതാണു ബിജെപി നേരിടുന്ന പ്രതിസന്ധി.