കർഷക സമരം തുടരുന്നു; പാലും പച്ചക്കറിയും കിട്ടാനില്ല

ജയ്പുർ∙ വിവിധ സംസ്ഥാനങ്ങളിൽ കർഷകസമരം നാലു ദിവസം പിന്നിട്ടതോടെ നഗരങ്ങളിൽ പാലിനും പച്ചക്കറിക്കും കടുത്ത ക്ഷാമം. പലേടത്തും മൊത്തവിപണിയിൽ പച്ചക്കറിക്ക് 10 മുതൽ 30 ശതമാനവും ചില്ലറ വിപണിയിൽ 50 ശതമാനവും വിലവർധിച്ചു. മൊത്തക്കച്ചവടക്കാർക്ക് പച്ചക്കറി കിട്ടുന്നില്ല. പാലുമായി പോകുന്ന ടാങ്കറുകൾ ആക്രമിച്ചു പാൽ റോഡിലൊഴുക്കുന്ന സംഭവങ്ങളും വ്യാപകമായി.

രാജസ്ഥാനിൽ 12 ടാങ്കറുകൾ തകർത്തു. ഈ സംഭവങ്ങളിൽ പങ്കില്ലെന്നു കർഷക സംഘടനകൾ അറിയിച്ചു. വിദർഭയിലെ അമരാവതിയിൽ കർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മുംബൈയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ കലക്ടറേറ്റിനു മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ധാമൻഗാവ്, ട്യോസ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാരായ വിരേന്ദ്ര ജഗ്താപ്, യശോമതി ഠാക്കുർ എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.

ഇതിനിടെ, സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻസഭയുൾ‍പ്പെടെ 12 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ഇന്നു മുതൽ പ്രക്ഷോഭം ആരംഭിക്കും. കിസാൻ സഭയുടെ നേതൃത്വത്തിലാണു മുൻപ് മഹാരാഷ്ട്രയിൽ കർഷകർ ലോങ് മാർച്ച് നടത്തിയത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തി. കർഷക സമരത്തെ അപമാനിക്കുംവിധം പ്രസംഗിച്ച കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിങ്ങിനെതിരെ ബിഹാറിലെ മുസാഫർപുരിൽ സാമൂഹിക പ്രവർത്തകൻ തമന്ന ഹാഷ്മി ചീഫ് ജുഡീഷ്യൽ ജമിസ്ട്രേട്ട് കോടതിയിൽ പരാതി നൽകി.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുമാണ് രാഷ്ട്രീയ കിസാൻ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലെ കർഷകർ കഴിഞ്ഞ ഒന്നിന് 10 ദിവസത്തെ സമരം ആരംഭിച്ചത്.