ജാർഖണ്ഡിൽ സിആർപിഎഫ് എഎസ്ഐയും ജവാനും കൊല്ലപ്പെട്ടു

റാഞ്ചി ∙ ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്​ഷൻ) ജവാനും എഎസ്െഎയും അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്കു ഗുരുതരമായി പരുക്കേറ്റു. സെറേക്കല കർസൻ ജില്ലാ അതിർത്തിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് കമാൻഡറാണു മരിച്ച മൂന്നാമൻ.

ജില്ലാ അതിർത്തിയിൽനിന്നു 13 കിലോമീറ്റർ അകലെയുള്ള ബറാക്ക് വനത്തിലാണു നാലു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലുണ്ടായത്. 60 അംഗ മാവോയിസ്റ്റ് സംഘം പൊലീസ്, സൈനികസംഘത്തെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നു കോബ്രാ സൈനികരെയും നാലു പൊലീസുകാരെയും റാഞ്ചി റിംസ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ മാവോയിസ്റ്റുകൾക്കു പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനായി തിരച്ചിൽ ഉൗർജിതമാക്കിയതായും സെറേക്കല എസ്പി ചന്ദൻ കുമാർ സിൻഹ അറിയിച്ചു.