നീരവിനും കുടുംബത്തിനും ജാമ്യമില്ലാത്ത വാറന്റ്

ന്യൂഡൽഹി∙ പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ ഒളിച്ചോടി യുകെയിലെത്തിയ രത്നവ്യാപാരി നീരവ് മോദിക്കും കുടുംബത്തിനുമെതിരെ മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ചു. അതേസമയം, യുകെയിൽ അനധികൃതമായി താമസിക്കുന്ന 75,000 ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്ന കരാറിന്റെ പരിധിയിൽ, നീരവും മദ്യവ്യവസായി വിജയ് മല്യയും പെട്ടേക്കും.

ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവുമായി നടത്തിയ ചർച്ചയിൽ യുകെ മന്ത്രി ബാരണോസ് വില്യംസാണ് അനധികൃത കുടിയേറ്റ വിഷയം എടുത്തിട്ടത്. നീരവ് ബ്രിട്ടനിൽ തന്നെയുണ്ടെന്നു യുകെ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാൽ ഒരു മാസത്തിനകം തിരിച്ചയയ്ക്കാൻ ധാരണയുണ്ടാകണമെന്നാണു യുകെയുടെ ആവശ്യം. കഴിഞ്ഞ ജനുവരിയിൽ ധാരണാപത്രത്തിന്റെ കരടായെങ്കിലും ഇതുവരെ കരാറായിട്ടില്ല. മനുഷ്യത്വപരമല്ലാത്ത കൂട്ട നാടുകടത്തൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്ക ഇന്ത്യയ്ക്കുള്ളതു കൊണ്ടാണിത്.