മന്ത്രിയാക്കാൻ സമ്മർദം; കർണാടകയിൽ പിസിസിക്കും പിടിവലി

ബെംഗളൂരു ∙ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അതൃപ്തികൾക്കും പ്രതിഷേധത്തിനും പിന്നാലെ കര്‍ണാടകയില്‍ പിസിസി അധ്യക്ഷ സ്ഥാനത്തിനായും ചരടുവലി സജീവം. നിലവില്‍ പിസിസി പ്രസിഡന്റായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍ വഴിയൊരുങ്ങിയത്. കെ.എച്ച്.മുനിയപ്പ, ബി.കെ.ഹരിപ്രസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് പരമേശ്വര നിര്‍ദേശിക്കുന്നത്. പിസിസി വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിന്റെ പേരും ചര്‍ച്ചയില്‍ സജീവമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടായിരിക്കും ഈ സ്ഥാനത്തേക്കുള്ള നിയമനം. 

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധത്തിലുള്ള കോണ്‍ഗ്രസിലെ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലിന്റെ വസതിയിലെത്തിയ മന്ത്രി രമേഷ് ജാർക്കിഹോളി അനുരഞ്ജന ചര്‍ച്ച നടത്തി. അടുത്ത മന്ത്രിസഭാ വികസനത്തിൽ എം.ബി.പാട്ടീലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജാർക്കിഹോളി ഉറപ്പുനൽകി.

ഇതിനിടെ, ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന ജയനഗർ മണ്ഡലത്തിൽ 55% പോളിങ് രേഖപ്പെടുത്തി. വോട്ടെണ്ണൽ നാളെ നടക്കും.