എയിംസിൽ പഠിച്ചാൽ ജോലി വാഗ്ദാനവുമായി സർക്കാർ

ന്യൂഡൽഹി∙ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് (എയിംസ്) പോലുള്ള സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങിയവരെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യാൻ ആരോഗ്യമന്ത്രാലയം. പുതുതായി സ്ഥാപിക്കുന്ന എയിംസ് സ്ഥാപനങ്ങളിൽ അടക്കം ഇവർക്കു മുൻഗണന നൽകുംവിധം വ്യവസ്ഥകൾ പരിഷ്കരിക്കും. ഇവിടങ്ങളിലെ ഓരോ നിയമനത്തിനും പൊതുയോഗത്തിന്റെ അംഗീകാരം വേണമെന്ന നിബന്ധനയിൽ ഇളവു കൊണ്ടുവരാനാണു തീരുമാനം.

ക്യാംപസ് റിക്രൂട്മെന്റ് മാതൃകയിൽ സർക്കാർ തന്നെ ജോലി വാഗ്ദാനം നൽകുന്നത് ഇതാദ്യമാണ്.

രാജ്യത്തെ എയിംസ് സ്ഥാപനങ്ങളിലാകെ 47 ശതമാനം തസ്തികയും ഒഴിഞ്ഞുകിടക്കുന്നതായാണു കണക്ക്. എയിംസിൽ സീനിയർ റസിഡന്റായിരുന്നവർക്ക് എയിംസിലോ സമാന സ്ഥാപനങ്ങളിലോ ചേരാം. എയിംസിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയവർക്കും അവിടെത്തന്നെ ജോലിയിൽ ചേരാമെന്നു കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി.

പുതുതായി 20 എയിംസ് രാജ്യത്തു പുതുതായി 20 എയിംസ് കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിക്കു കീഴിലാണ് മികച്ച ആരോഗ്യ ചികിൽസ–പഠനസൗകര്യം ഒരുക്കുന്ന എയിംസുകൾ സ്ഥാപിക്കുക. ഡൽഹിക്കു പുറമെ റായ്പുർ, പട്ന, ജോധ്പുർ, ഭോപ്പാൽ, ഋഷികേശ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ ആറ് എയിംസുകൾ പ്രവർത്തിക്കുന്നുണ്ട്. ഏഴെണ്ണം 2020–21ൽ പ്രവർത്തനം തുടങ്ങിയേക്കും.

മ‌റ്റിടങ്ങളിൽ സ്ഥലം കണ്ടെത്തൽ ഉൾപ്പെടെ നടപടികൾ പുരോഗമിക്കുകയാണ്.