23 മരണം, കരകവിഞ്ഞ് നദികൾ, വെള്ളപ്പൊക്കം, കൃഷിനാശം.. മഴക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഗുവാഹത്തി∙ പേമാരിയും വെള്ളപ്പൊക്കവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24മണിക്കൂറിൽ ആറു ജീവൻ കൂടി അപഹരിച്ചു. ഇതോടെ മരണസംഖ്യ മൊത്തം 23 ആയി. ഇന്നലെ അസമിൽ അഞ്ചു പേരാണു മരിച്ചത്. മണിപ്പുരിൽ ഒരാൾ മരിച്ചു. അസമിലെ ആറു ജില്ലകളിലെ നാലര ലക്ഷംപേർ വെള്ളപ്പൊക്കക്കെടുതിയിലാണ്. ഇതിൽ മൂന്നു ജില്ലകളിലാണ് ഇന്നലെ അഞ്ചു പേർ മരിച്ചത്.

കരിംജങ് പട്ടണവും ജില്ലയുമാണ് ഏറ്റവും കൂടുതൽ കെടുതികൾക്ക് ഇരയായത്. മണിപ്പുരിലും നദികൾ കരകവിഞ്ഞു. ഇന്നലെ ഒരാൾ മുങ്ങിമരിച്ചതോടെ ആകെ മരണം എട്ടായി. കൃഷിനാശവും വ്യാപകമാണ്. ഇതേസമയം, കഴിഞ്ഞദിവസങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും രൂക്ഷമായിരുന്ന ത്രിപുരയിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.