Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതരുടെ കണ്ണീരൊപ്പി കുടുംബശ്രീ; ശുചീകരണത്തിലും മുന്നിട്ടിറങ്ങി വനിതകൾ

kudumbashree-flood-1 കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ രക്ഷപ്രവർത്തനങ്ങളിൽ സജീവരായ അംഗങ്ങൾ

കോട്ടയം ∙ സ്വന്തം ജില്ല ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും മഹാകെടുതിയില്‍പ്പെട്ടുഴലുമ്പോഴും അയൽജില്ലയിലെ പ്രളയ ബാധിതരുടെ കണ്ണീരൊപ്പുകയാണു കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ സംഘം. കോട്ടയത്ത് പ്രളയ ബാധിതരായവരുടെ വീടുകളും പരിസരവും ശുചിയാക്കുകയെന്ന ദൗത്യം നിര്‍വഹിക്കാനെത്തിയ ഉദ്യോഗസ്ഥരും സിഡിഎസ് ചെയര്‍പഴ്‌സണ്‍മാരും അക്കൗണ്ടന്റുമാരുമുള്‍പ്പെടുന്ന സംഘം ഏവരുടേയും ഹൃദയം കവര്‍ന്നു.

ഇടുക്കി ജില്ലയില്‍ പ്രശ്‌നബാധിതമല്ലാത്ത തൊടുപുഴ, ഇളംദേശം എന്നീ മേഖലകളില്‍ നിന്നുള്ള 35 പേരടങ്ങിയ സംഘമാണു തിരുവോണപ്പിറ്റേന്നു കോട്ടയത്ത് എത്തിയത്. ഇടുക്കി ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ആര്‍.ബിനു, ജോസ് സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം വെച്ചൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണു ശുചീകരണം നടത്തിയത്. പ്രളയം ബാധിക്കാത്ത ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ ഉദ്യോഗസ്ഥരും അംഗങ്ങളും മറ്റു ജില്ലകളെ ശുചീകരണം ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന നിര്‍ദേശം അനുസരിച്ചാണ് ഇവരെത്തിയത്.

ജില്ലയിലെ വിവിധ സിഡിഎസുകളില്‍ ഇതേക്കുറിച്ച് അറിയിക്കുകയും താൽപര്യമുള്ളവരോടു പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇതനുസരിച്ച് ആറു സിഡിഎസ് ചെയര്‍പഴ്‌സണ്‍മാരുള്‍പ്പെടെയുള്ള സംഘമാണു സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറായെത്തിയത്. രാവിലെ തൊടുപുഴയില്‍ ഒത്തുചേര്‍ന്ന സംഘാംഗങ്ങള്‍ ബസ് വാടകയ്‌ക്കെടുത്ത് കോട്ടയം ജില്ലാ മിഷന്‍ അധികൃതരുടെ നിര്‍ദേശാനുസരണം വെച്ചൂരിലെത്തുകയായിരുന്നു. നൂറോളം വീടുകളും പരിസരവും സംഘം വൃത്തിയാക്കി. വൈകിട്ട് അഞ്ച് മണിയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ സംഘം ഇടുക്കിയിലേക്ക് മടങ്ങി. ജില്ലകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഇനിയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്താന്‍ സന്തോഷമേയുള്ളൂവെന്ന് സംഘാംഗങ്ങൾ പറഞ്ഞു.

അതേസമയം കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ പ്രളയജലമിറങ്ങിത്തുടങ്ങിയതോടെ വീടുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന വനിതകളിൽ ഭൂരിഭാഗവും മത്സ്യതൊഴിലാളികളുടെ ഭാര്യമാരാണ്. കുടുംബസമേതം തന്നെ, പ്രളയക്കെടുതിയിലകപ്പെട്ടവരെ സഹായിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ഇവർ. പള്ളിപ്പാട് പഞ്ചായത്തിലെ വീടുകൾ വൃത്തിയാക്കാനാണ് ഇവരെത്തിയത്. രജിത, സരള, രാധ, രോഹിണി, സുപ്രിയ, ബിന്ദു, ഷൈജ, സബീന, ലൈസ, ഗീത, ഷൈനി, അമ്പിളി, സാലി, ഹിമ, സരള, ഹസീന, സോളി, മാലിനി, അമ്മിണി തുടങ്ങിയവരുടെ ഭർത്താക്കന്മാർ നിരവധി ആളുകളെ രക്ഷിച്ചിരുന്നു. തങ്ങളുടെ സഹജീവികൾ ദുരിതമനുഭവിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇവർ പറയുന്നു.

ഇവരിൽ പലരും തങ്ങളുടെ വീടുകളിൽ സ്വന്തം ചെലവിൽ ഗർഭിണികളടക്കം നിരവധിയാളുകൾക്ക് അഭയം നൽകിയിട്ടുണ്ട്. സൂനാമിയെ ധൈര്യത്തോടെ നേരിട്ടവരാണു തങ്ങളെന്ന ആത്മവിശ്വാസം അവരുടെ വാക്കുകളിൽ സ്ഫുരിക്കുന്നു. മതിയായ ആരോഗ്യ ബോധവൽകരണവും ബൂട്ട്സും മറ്റ് ആവശ്യമായ സാമഗ്രികൾ അടക്കം നൽകിയാണു കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ഇവരെ രംഗത്തിറക്കിയിരിക്കുന്നത്.

related stories