കോച്ചിലും സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ; റെയിൽവേയും മാറുന്നു

ന്യൂഡൽഹി∙ റെയിൽവേ സമ്പൂർണ സിസിടിവി യുഗത്തിലേക്ക്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണു തീരുമാനം. 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമാണ് ആദ്യ ഘട്ടത്തിൽ ക്യാമറ സ്ഥാപിക്കുക. ക്രമേണ, എല്ലാ ട്രെയിനുകളിലും കോ‌ച്ചുകളിലും ക്യാമറ വരും.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും സുരക്ഷാ വീഴ്ചകൾ തത്സമയം പരിഹരിക്കുകയുമാണു ല‌ക്ഷ്യം. പിടിച്ചുപറി, മോഷണം, രാത്രികാല അതിക്രമങ്ങൾ തുടങ്ങിയവയ്ക്കു പരിഹാരം കാണാമെന്നാണു പ്രതീക്ഷ. കൂടാതെ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാം. ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധർ ട്രെയിനുകൾക്കു നേരെ നടത്തുന്ന ക‌ല്ലേറു നിയ‌ന്ത്രിക്കാം.

പരിഷ്കാരങ്ങളുടെ പട്ടികയിൽ ഇവയും:

∙ ബയോ വാക്വം ടോ‌യ്‌ലറ്റുകൾ: എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലേതിനു സമാനമായ വാക്വം ടോയ്‌ലറ്റുകൾ. ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ ബയോ ടോയ്‌ലറ്റുകളുടെ പോരായ്മകൾ പരിഹ‌രിച്ചു ‌കൊണ്ടായിരിക്കും ഇത്. 2.5 ലക്ഷം ശുചിമു‌റികളാണു ‌സ്ഥാപിക്കേണ്ടി വരിക.

∙ പുതിയ കോച്ചുകൾ: വിവിധ ഫാക്ടറികളിൽ കോച്ചുകളുടെ പല രൂപരേഖകൾ തയാറാകുന്നു. എൽഇഡി ലൈറ്റുകളും ദിശാസൂചികകളും മെച്ചപ്പെട്ട സീറ്റുകൾ, അപ്പർ ബർത്തിലെത്താൻ സൗകര്യപ്രദമായ ഗോവണികൾ എന്നിവ ഇവയിലുണ്ടാകും.

∙ കൂടുതൽ വേഗം: ഭാരം കുറഞ്ഞ കോച്ചുകൾ, പുതിയ രൂപകൽപന, ‌ട്രാക്, സിഗ്നൽ പരിഷ്കാരങ്ങൾ എന്നിവയ്ക്കൊപ്പം ശരാശരി യാത്രാ വേഗം കൂ‌ട്ടും. രാജ്യമെങ്ങും മണിക്കൂറിൽ 120–160 കിലോമീറ്റർ വേഗമാണു ലക്ഷ്യം. അപ്പോൾ, ഓഗസ്റ്റ് മുതൽ ആഴ്ചയവസാനം ട്രെയിനുകളുടെ യാത്രാസമയം കൂട്ടുന്നതോ ? അതു ശാശ്വത നേട്ടത്തിനായുള്ള താൽക്കാലിക ബു‌ദ്ധിമുട്ടായി കരുതണമെന്നാണു റെയിൽവേയുടെ അഭ്യർഥന.