നീരവിനെതിരെ റെഡ് കോർണർ നോട്ടിസ് ഉടൻ

ന്യൂഡൽഹി∙ പിഎൻബി വായ്പാത്തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിക്കെതിരെ ഇന്റർപോൾ ഉടൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ഇതിനാവശ്യമായ രേഖകളെല്ലാം സിബിഐ ഇന്റർപോളിനു കൈമാറി. മുംബൈ പ്രത്യേക കോടതി നീരവിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റുകളും കുറ്റപത്രത്തിന്റെ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. ഇവ പരിശോധിച്ചശേഷം ഇന്റർപോൾ നടപടികളിലേക്കു കടക്കും. നീരവ് ഒന്നിലേറെ ഇന്ത്യൻ പാസ്പോർട്ടുകൾ ഉപയോഗിച്ചതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം സിബിഐയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. നീരവിന്റെ പാസ്പോർട്ട് റദ്ദാക്കിയ വിവരം കഴിഞ്ഞ ഫെബ്രുവരി 24നു ഇന്റർപോൾ അംഗരാജ്യങ്ങളെയെല്ലാം അറിയിച്ചിരുന്നു.