കുറ്റാന്വേഷണത്തിന് ആധാർ വിവരം നൽകാനാവില്ല: യുഐഡിഎഐ

ന്യൂഡൽഹി ∙ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ലെന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ആധാർ ബയോമെട്രിക് വിവരങ്ങൾ കുറ്റാന്വേഷണത്തിന് ഉപയോഗിക്കാൻ ആധാർ നിയമം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആധാർ വിവരങ്ങൾ പരിമിതമായി ഉപയോഗിക്കാൻ ആധാർ നിയമത്തിന്റെ 33–ാം വകുപ്പ് അനുവദിക്കുന്നുണ്ട്.

കുറ്റം തെളിയിക്കാൻ ആധാർ വിവരങ്ങൾ പരിമിതമായെങ്കിലും ഉപയോഗിക്കാൻ അനുവദിക്കണമെന്നു നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) ഡയറക്ടർ ഇഷ് കുമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണു യുഐഡിഎഐയുടെ വിശദീകരണം. ഏതെങ്കിലും അന്വേഷണ ഏജൻസിയുമായി ഇതുവരെ ബയോമെട്രിക് വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നും യുഐഡിഎഐ അറിയിച്ചു.