ജാർഖണ്ഡ് കൂട്ടമാനഭംഗം: സ്കൂൾ മേധാവി അടക്കം മൂന്നുപേർ അറസ്റ്റിൽ

റാഞ്ചി∙ ജാർഖണ്ഡിൽ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിച്ച അഞ്ചു യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തതു മാവോയിസ്റ്റ് വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുയായികൾ. തങ്ങളുടെ അധികാരത്തിനു കീഴിലുള്ള പ്രദേശത്ത് അനുമതിയില്ലാതെ കടന്നതിനു പ്രതികാരമായിട്ടായിരുന്നു ഇത്. കേസിലെ ആറു പ്രതികളിൽ മൂന്നുപേർ ഇതുവരെ അറസ്റ്റിലായി.

മാനഭംഗം നടത്തിയതിന് അജൂബ് സാന്ദിപൂർത്തി, ആശിഷ് ലോങ്കോൺ എന്നിവരെയും തട്ടിക്കൊണ്ടുപോകൽ തടയാതിരിക്കുകയും പൊലീസിനെ വിവരം അറിയിക്കാതിരിക്കുകയും ചെയ്തതിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ഫാ. അൽഫോൻസ് അലീൻ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഫാ. അൽഫോൻസിനെ ജാമ്യത്തിൽ വിട്ടയച്ചു. മറ്റു രണ്ടുപേരുടെയും മൊഴി സിആർപിസി 164–ാം ചട്ട പ്രകാരം മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തിയശേഷം റിമാൻഡ് ചെയ്തു.

ഈ മേഖലയിൽ സ്വന്തം ഭരണം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റ് സംഘടനാ നേതാവ് ജോഹാൻ ജോനാസ് ടിഡുവാണ് സംഭവത്തിന്റെ സൂത്രധാരൻ. രണ്ടു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഫാ. അൽഫോൻസ് തടഞ്ഞുവെങ്കിലും അക്രമികളോടൊപ്പം പോകാമെന്നും കുഴപ്പമൊന്നും സംഭവിക്കില്ലെന്നുമാണ് മറ്റു സ്ത്രീകളോടു പറഞ്ഞതെന്നു പൊലീസ് വ്യക്തമാക്കി. അതിക്രമത്തിനുശേഷം ഇവരെ തിരികെ സ്കൂളിലെത്തിച്ചെങ്കിലും സ്കൂൾ അധികൃതർ ഇതു രഹസ്യമാക്കി വയ്ക്കാനാണ് ശ്രമിച്ചത്.

എട്ടു കിലോമീറ്റർ അകലെ വനത്തിൽ കൊണ്ടുപോയി അതിനിഷ്ഠുരമായാണ് സ്ത്രീകളെ മാനഭംഗം ചെയ്തത്. വിഡിയോയിൽ ഇതു പകർത്തുകയും സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മൂത്രം കുടിപ്പിക്കുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങൾ സ്ഥലത്തെത്തി മാനഭംഗത്തിനിരയായ സ്ത്രീകളെ കണ്ടു. ഖുന്തി ജില്ലയിലെ കൊച്ചാങ് ആദിവാസി ഗ്രാമത്തിലെ മിഷനറി സ്കൂളിൽ 19ന് ആയിരുന്നു സംഭവം. സംസ്ഥാനത്തെ പ്രമുഖ സർക്കാരിതര ക്രൈസ്തവ സന്നദ്ധസംഘടനയിലെ അംഗങ്ങളാണ് അക്രമത്തിനിരയായത്. ഖുന്തി ബസാറിൽ നേരത്തേ നാടകം അവതരിപ്പിച്ച സംഘം സ്കൂളിൽ ഇത് അവതരിപ്പിക്കുന്നതിനിടെയാണ് രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ സംഘം യുവതികളെ കാറിൽ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം ആരും പൊലീസിൽ പരാതി നൽകിയില്ല.

വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പിറ്റേന്നു പൊലീസാണ് സ്ത്രീകളുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തത്.