ഡൽഹി കുടുംബത്തിന്റെ കൂട്ടമരണം: ദുർമന്ത്രവാദി കസ്റ്റഡിയിൽ

മരിച്ചവരുടെ മൃതദേഹങ്ങൾ വസതിയിലേക്ക് എത്തിക്കുന്നു.

ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദിയെയും അനുയായിയെയും പൊലീസ് ചോദ്യം ചെയ്തു. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കുടുംബവുമായി അടുപ്പമുണ്ടെന്നു കുരുതുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്. 

ബുറാഡിയിലെ സന്ത് നഗറിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് 11 അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് ഭാട്ടിയ( 42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), നീതു (24), മീനു (22), ധീരു (12), ശിവം (15) എന്നിവരാണു മരിച്ചത്. ഇവരിൽ പത്തു പേരെ ഇരുമ്പുഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലും നാരായണിയെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഐടി ഉദ്യോഗസ്ഥയായ പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. 

പോസ്റ്റ്മോർട്ടത്തിൽ പത്തു പേരും തൂങ്ങിമരിച്ചതായാണ് തെളിഞ്ഞത്. നാരായണിയുടെ മരണത്തിൽ വ്യക്തതയില്ല. വീട്ടിൽനിന്നു ലഭിച്ച കുറിപ്പുകളിൽ അന്ധവിശ്വാസത്തിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. മോക്ഷം കിട്ടാനായി കുടുംബം ആത്മഹത്യയ്ക്കു തീരുമാനമെടുത്തിരിക്കാമെന്നും ഇതിനു പിന്നിൽ ലളിത് ഭാട്ടിയയുടെ സ്വാധീനമാവാമെന്നുമാണ് സംശയം. തലേന്നു കഴിച്ച ഭക്ഷണത്തിൽ ഉറക്ക മരുന്നു കലർത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 

കണ്ടെടുത്ത കുറിപ്പുകളിൽ എങ്ങനെ മരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോൺ കോളുകളുടെ പരിശോധന നടന്നുവരികയാണ്. ദിനേശ്, സുജാത എന്നീ രണ്ടു മക്കൾ കൂടി നാരായണിക്കുണ്ട്. കുടുംബം ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടമരണം കൊലപാതകമാണെന്നും സുജാത ആരോപിച്ചു.