പുതിയ നോട്ട് എത്തിച്ചതിന് വിമാനക്കൂലി 29.41 കോടി

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിനു ശേഷം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വ്യോമസേനയുടെ ചരക്കുവിമാനങ്ങൾ ഉപയോഗിച്ചതിന് ചെലവായത് 29.41 കോടി രൂപ.

2016 നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടർന്ന് പുതിയ നോട്ടുകൾ സെക്യൂരിറ്റി പ്രസിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേനയുടെ സി–17, സി–130ജെ സൂപ്പർ ഹെർക്കുലിസ് ചരക്കു വിമാനങ്ങൾ 91 തവണ സർവീസ് നടത്തി. ഇതിന് 29.41 കോടി രൂപ ഈടാക്കിയതായി വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് വ്യോമസേന മറുപടി നൽകി.

നോട്ടുനിരോധനത്തിൽ അൽപം മുൻകരുതലെടുത്തിരുന്നെങ്കിൽ വാണിജ്യ വാഹനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ നോട്ടുകൾ നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിക്കാനാവുമായിരുന്നുവെന്ന് ചോദ്യമുന്നയിച്ച കമ്മഡോർ (റിട്ട) ലോകേഷ് ബത്ര പറഞ്ഞു.