ഉന്നത ഇന്ത്യൻ സൈനിക സംഘം ചൈനയിലേക്ക്

ന്യൂഡൽഹി∙ പ്രതിരോധ മേഖലയിൽ സഹകരണം വളർത്താൻ ലക്ഷ്യമിട്ട് ഉന്നതതല സൈനിക സംഘം ചൈനയിലേക്ക്. അടുത്ത മാസം പകുതിയോടെ സംഘം ബെയ്ജിങ് സന്ദർശിച്ചേക്കും. സിക്കിം അതിർത്തിയിലെ ദോക്‌ ലായിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിനുശേഷം ആദ്യമായാണ് ഉന്നത സൈനിക സംഘം ചൈന സന്ദർശിക്കുന്നത്.

സൈനികതലത്തിൽ സഹകരണം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി ചൈനീസ് ഉന്നതതല സേനാ സംഘം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. കിഴക്ക്, വടക്ക് സേനാ കമാൻഡുകളിലൊന്നിലെ കമാൻഡറുടെ നേതൃത്വത്തിലാവും സേനാ സംഘം സന്ദർശനം നടത്തുക.