Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീരിനെ മാറ്റി ചൈനീസ് ‘പരീക്ഷണം’; മുന്നറിയിപ്പെന്നു വിലയിരുത്തൽ

Pakistan - China Flag

ന്യൂഡൽഹി∙ പാക് അധിനിവേശ കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭൂപടത്തിൽ നിന്നും ഒഴിവാക്കി ചൈനീസ് സർക്കാരിന്‍റെ കീഴിലുള്ള സിജിടിഎൻ ടെലിവിഷൻ. കറാച്ചിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിനു നേരെയുള്ള തീവ്രവാദി ആക്രമണം റിപ്പോർട്ടു ചെയ്യുമ്പോൾ കാണിച്ച ഭൂപടത്തിലാണ് ശ്രദ്ധേയമായ ഈ മാറ്റം. ഇതാദ്യമായാണ് സിജിടിഎൻ ഇത്തരത്തിലൊരു ഭൂപടം കാണിക്കുന്നത്. തങ്ങളുടെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചൈന ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണു നിരീക്ഷണം. ഭരണാധികാരികളുടെ സമ്മതമില്ലാതെ ഔദ്യോഗിക ടിവി ചാനൽ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചൈനയുടെ ഭാഗത്തു നിന്നുള്ള ബോധപൂർവമായ നീക്കമാണിതെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ ഭൂപടങ്ങൾ പ്രദർശിപ്പിക്കുമ്പോൾ സ്ഥിരം മാതൃകകളാണ് ഉപയോഗിക്കാറുള്ളതെന്നും ഇതുമാറ്റാൻ പ്രൊഡക്‌ഷനിലെ അംഗങ്ങൾക്കു അനുമതിയില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. പതിവായി ഉപയോഗിക്കുന്ന ഭൂപടം മാറ്റി പുതിയതൊന്ന് ഉപയോഗിക്കാനുള്ള നിർദേശം ഉന്നതതലങ്ങളിൽ നിന്നു വന്നതായിരിക്കാനാണു സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

പ്രാദേശിക, അന്തർദേശീയ കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു മുൻപ് ഔദ്യോഗിക മാധ്യമങ്ങളിലൂടെ പരീക്ഷണം നടത്തുക ചൈനീസ് സർക്കാരിന്‍റെ പതിവു രീതിയാണ്. പാക്കിസ്ഥാൻ ഭൂപടത്തിൽ നിന്നും പാക് അധിനിവേശ കശ്മീരിനെ ഒഴിവാക്കിയതും ഇത്തരത്തിലൊരു നീക്കമാകാനാണു സാധ്യത. എന്നാൽ ഇതേക്കുറിച്ച് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങളുടെ സംയുക്ത പരിശീലനത്തിന് രണ്ടാഴ്ച മുൻപാണ് ഇത്തരമൊരു സംഭവമെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഔദ്യോഗിക നയത്തിൽ നിന്നും ചൈന വ്യതിചലിക്കുന്നു എന്നതിന്‍റെ സൂചനയായി ഈ ഒറ്റപ്പെട്ട സംഭവത്തെ കാണേണ്ടതില്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചൈന –പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെയും പുതിയ സംഭവവികാസങ്ങൾ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴി തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുക്കയറ്റമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചൈന ഏറെ മുതൽമുടക്കു നടത്തിയിട്ടുണ്ട്. ചൈനീസ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട ഭൂപടങ്ങളിലൊന്നിലും തന്നെ ഇതുവരെയും പാക് അധിനിവേശ കശ്മീരിലെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചിട്ടില്ല. ഭൂപടങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന രാജ്യമാണ് ചൈന. ഔദ്യോഗിക നിലപാടുമായി ഒത്തുപോകാത്ത ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്കും മാസികകൾക്കും വിലക്കേർപ്പെടുത്തുന്നത് ഇവിടെ പതിവാണ്.