ബിഹാറിൽ മദ്യ നിരോധന നിയമത്തിൽ ഇളവ് വരും

പട്ന∙ ബിഹാറിൽ മദ്യ നിരോധന നിയമത്തിലെ കർശന വ്യവസ്ഥകളിൽ ഇളവു വരുത്തി ഭേദഗതി ബിൽ അവതരിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മദ്യം പിടിച്ചെടുക്കുന്ന വീടുകളും വാഹനങ്ങളും കണ്ടുകെട്ടാനുള്ള വ്യവസ്ഥ ഒഴിവാക്കും. ആദ്യ കുറ്റമാണെങ്കിൽ അരലക്ഷം രൂപ പിഴയോ മൂന്നുമാസം തടവു ശിക്ഷയോ നൽകുന്നതാണു ഭേദഗതി. ജാമ്യമില്ലാ വ്യവസ്ഥയും മാറ്റും. നിലവിലുള്ള കേസുകളിലും ഭേദഗതി ബാധകമാകും. മൂന്നു മാസത്തിലധികം തടവനുഭവിച്ചവരെ മോചിപ്പിക്കും.

നിയമത്തിലെ കർശന വ്യവസ്ഥകൾ പൊലീസ് ദുരുപയോഗിക്കുന്നതായി വ്യാപക ആക്ഷേപമുയർന്നിരുന്നു. പിന്നാക്ക ജാതിക്കാരെയും ദലിതരെയും മദ്യക്കേസിൽ കുടുക്കുന്നുവെന്നാണു പ്രതിപക്ഷം ആരോപിച്ചത്. മദ്യനിരോധന നിയമം 2016 ഏപ്രിലിൽ നിലവിൽ വന്നതിനു ശേഷം ഇതുവരെ ഒന്നര ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തതായാണു കണക്ക്.

മദ്യം കൈവശം വയ്ക്കുന്നവരേക്കാൾ മദ്യ ഉൽപാദകരെയും വ്യാപാരികളെയും ലക്ഷ്യമിടുന്ന തരത്തിലാകും നിയമം ഭേദഗതി ചെയ്യുക. നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.