ബെഡ്റോൾ കിറ്റിനു ചെലവേറി; ഗരീബ് രഥിൽ പുതച്ചുറങ്ങാൻ നിരക്കു കൂടും

ന്യൂഡൽഹി∙ പാവങ്ങൾക്കു കുറഞ്ഞ ചെലവിൽ എസി ട്രെയിൻ യാത്രയ്ക്കായി ആരംഭിച്ച ഗരിബ് രഥ് എക്സ്പ്രസുകളിൽ നിരക്കു വർധനയ്ക്കു നീക്കം. യാത്രക്കാർക്കു നൽകുന്ന വിരിപ്പുകളും പുതപ്പും മറ്റും വാങ്ങുന്നതിനും ശുചീകരിക്കുന്നതിനുമുള്ള തുകയിൽ വന്ന വൻ വർധനയാണ് നിരക്കു വർധിപ്പിക്കാൻ ഇടയാക്കുന്നത്. 25 രൂപയാണ് ഒരു ബെഡ്റോൾ കിറ്റിനായി ടിക്കറ്റ് തുകയിൽ ഉൾപ്പെടുത്തിയിരുന്നത്. 2006 ഒക്ടോബറിൽ നിശ്ചയിച്ച ഈ തുക ഇപ്പോഴത്തെ ചെലവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല.

ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാത്തതെന്ത് എന്ന് ഡപ്യൂട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കയച്ച കുറിപ്പിൽ ചോദിച്ചപ്പോഴാണ് റെയിൽവേയും ഉണർന്നത്. 12 വർഷം കൂടുമ്പോഴെങ്കിലും നിരക്കു പരിഷ്കരിക്കേണ്ടതാണെന്ന് ഡപ്യൂട്ടി സിഎജിയുടെ കുറിപ്പിൽ പറയുന്നു.

എല്ലാ എസി കോച്ചുകളിലും ബെഡ്റോൾ കിറ്റ് നൽകുന്നുണ്ട്. ടിക്കറ്റിൽ ഇതിനുള്ള തുകയും ഈടാക്കിയിരുന്നു. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളിൽ ടിക്കറ്റ് ബുക്കു ചെയ്യുമ്പോൾ ആവശ്യപ്പെടുന്നവർക്ക് മറ്റു ട്രെയിനുകളിൽ ഈടാക്കുന്ന 25 രൂപ നിരക്കിൽ ബെഡ്റോൾ കിറ്റ് നൽകിയിരുന്നു.

ഇനിയിപ്പോൾ എല്ലാ ട്രെയിനുകളിലും ഇനി ബെഡ്റോളുകളുടെ നിരക്കു വർധന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കും.