പാക്കിസ്ഥാനും ഇന്ത്യയും ആദ്യമായി സംയുക്ത ഭീകരവിരുദ്ധ സൈനികാഭ്യാസത്തിന്

ന്യൂഡൽഹി∙ ഭീകരർക്കു താവളമൊരുക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെതിരെ നടപടി വേണമെന്നു രാജ്യാന്തരവേദികളിൽ ആവശ്യപ്പെടുന്ന ഇന്ത്യ അവർക്കൊപ്പം ഭീകരവിരുദ്ധ സൈനികാഭ്യാസത്തിൽ പങ്കാളിയാകും. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) നേതൃത്വത്തിൽ റഷ്യയിൽ അടുത്തമാസം 20 മുതൽ 29 വരെ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിലാണു ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഇതാദ്യമായി ഒരുമിച്ചു പങ്കെടുക്കുന്നത്.

മറ്റ് അംഗങ്ങളായ റഷ്യ, ചൈന, കിർഗിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവയും ചെല്യാബിൻസ്കിലെ സൈനികാഭ്യാസത്തിൽ പങ്കെടുക്കും.

200 കര, വ്യോമസേനാ അംഗങ്ങളാണ് ഇന്ത്യയുടെ പ്രതിനിധികൾ. നാറ്റോയ്ക്കു ബദൽ എന്ന രീതിയിൽ വിഭാവനം ചെയ്ത ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ 2005ലാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും നിരീക്ഷക അംഗങ്ങളായി ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം സ്ഥിരാംഗത്വം നൽകി.