വിദേശ മാധ്യമങ്ങൾ വിവേചനം കാട്ടുന്നു: മന്ത്രി കണ്ണന്താനം

കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം

ന്യൂഡൽഹി∙ വിദേശ മാധ്യമങ്ങൾ ഇന്ത്യയോടു കാട്ടുന്ന വിവേചനം വിനോദസഞ്ചാരമേഖലയെ വലിയതോതിൽ ബാധിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയെ താറടിച്ചു കാണിക്കുന്ന സംഭവങ്ങളിൽ വിദേശ മാധ്യമങ്ങൾ അമിത ഉൽസാഹം കാണിക്കുന്നു.

മോശം സംഭവങ്ങളുണ്ടാകുന്നതു നിരാശാജനകമാണ്. എന്നാൽ, ഇത്തരം കാര്യങ്ങളെ പെരുപ്പിച്ചുകാണിക്കുകയാണു വിദേശമാധ്യമങ്ങൾ. സ്വന്തം രാജ്യത്തു സമാന സംഭവങ്ങളുണ്ടായാൽ മൂന്നു പേജ് ലേഖനമെഴുതുമോയെന്നും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമപ്രവർത്തകർ വിളിച്ച മാധ്യമസമ്മേളനത്തിൽ കേന്ദ്രമന്ത്രി ചോദിച്ചു. സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയെന്ന തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിനെയും അദ്ദേഹം തള്ളി. ചുരുക്കം ചിലരെ കണ്ടു നടത്തിയ സർവേക്കു വിശ്വാസ്യതയില്ല. സാമൂഹിക പ്രവർത്തകരായി നടക്കുന്ന തീവ്ര ഇടതു ചിന്താഗതിക്കാരാണു സർവേയിൽ പങ്കെടുത്തതെന്നും കണ്ണന്താനം ആരോപിച്ചു.