ഗാന്ധിജിയുടെ 150–ാം ജന്മവാർഷികം: വിവിധ വിഭാഗം തടവുകാർക്ക് മൂന്നു ഘട്ടമായി മോചനം

മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്നവർ

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് തടവുകാർക്ക് ശിക്ഷാ ഇളവു നൽകി വിട്ടയയ്ക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. മൂന്നു ഘട്ടമായാണ് മോചനം നൽകുക. 2018 ലെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട്, ചമ്പാരൺ സത്യഗ്രഹ വാർഷികദിനമായ ഏപ്രിൽ 10, 2019 ലെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് എന്നീ ദിവസങ്ങളിലാണ് ഇവരെ വിട്ടയയ്ക്കുക. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, വധശിക്ഷയിൽ ഇളവ് ലഭിച്ച് ജീവപര്യന്തം തടവിൽ കഴിയുന്നവർ, മാനഭംഗം, സ്ത്രീധനക്കൊല, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇളവു ലഭിക്കില്ല. പോട്ട, ടാഡ, പോക്സോ, യുഎപിഎ, എഫ്ഐസിഎൻ, കള്ളപ്പണം വെളുപ്പിക്കൽ, ഫെമ, എൻഡിപിഎസ്, അഴിമതി നിരോധന നിയമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമല്ല. 

അർഹരായ തടവുകാരുടെ പട്ടിക തയാറാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടും. ഇതിനായി സമിതിയെ നിയമിക്കണം. സമിതികൾ നൽകുന്ന ശുപാർശ സംസ്ഥാന സർക്കാരുകൾ ഗവർണർക്കു സമർപ്പിക്കണം. ഗവർണറുടെ അനുമതി കിട്ടിക്കഴിഞ്ഞാൽ മൂന്നു ഘട്ടങ്ങളിലായി ഇവരെ മോചിപ്പിക്കും.