വാക്കു മാറ്റി, കഞ്ചിക്കോട് കോച്ച് ഫാക്ടറി വേണ്ടെന്നു റെയിൽവേ

Representational Image

ന്യൂഡൽഹി ∙ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയ്ക്ക് ആവശ്യമില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ. പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് എംപിമാരായ എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണു കേന്ദ്രം നിലപാടറിയിച്ചത്. കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം യാഥാർഥ്യമാക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞതിനു പിന്നാലെയാണു മലക്കം മറിച്ചിൽ. 

രാജ്യത്തു പുതിയ കോച്ച് ഫാക്ടറിയുടെ ആവശ്യം നിലവിലില്ലെന്നാണു റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയിൻ മറുപടിയിൽ വ്യക്തമാക്കുന്നത്. ആവശ്യമുള്ള കോച്ചുകൾ നിർമിക്കാനുള്ള ശേഷി ഇപ്പോഴുള്ള ഫാക്ടറികൾക്കുണ്ട്. സമീപ ഭാവിയിൽ പുതിയ ഫാക്ടറിയുടെ ആവശ്യമില്ല. അനുമതി കാത്തിരിക്കുന്ന പദ്ധതികൾ ഉടൻ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോച്ച് ഫാക്ടറി വിഷയം ഇന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളം ഉന്നയിക്കാനിരിക്കേയാണു റെയിൽവേയുടെ നിലപാടു പുറത്തു വന്നത്. 

കോച്ച് ഫാക്ടറിക്കു വേണ്ടി എൽഡിഎഫ്, യുഡിഎഫ് എംപിമാർ ഡൽഹിയിൽ വെവ്വേറെ സമരം നടത്തിയിരുന്നു. വി.എസ്.അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നു പീയുഷ് ഗോയൽ ഉറപ്പും നൽകിയിരുന്നു.