ബംഗാളിന് ഇനി ഒറ്റപ്പേര്: ബെംഗ്ല

കൊൽക്കത്ത∙ പശ്ചിമ ബംഗാളിന്റെ പേര് ‘ബെംഗ്ല’ എന്നു മാറ്റുന്നതിനുള്ള പ്രമേയം ബംഗാൾ നിയമസഭ ഏകകണ്ഠ്യേന അംഗീകരിച്ചു. 2016 സെപ്റ്റംബറിൽ പേരു മാറ്റാനുള്ള പ്രമേയം ബംഗാൾ നിയമസഭ പാസാക്കിയെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ബംഗാളിയിൽ ‘ബെംഗ്ല’, ഹിന്ദിയിൽ ‘ബംഗ്ല’, ഇംഗ്ലിഷിൽ ‘ബംഗാൾ’ എന്നിങ്ങനെ മൂന്നു രീതിയിലേക്കു പേരുമാറ്റാനായിരുന്നു അന്നത്തെ നിർദേശം. എന്നാൽ, വേറൊരു സംസ്ഥാനത്തിനും ഇത്തരത്തിൽ പല പേരുകളില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇക്കാര്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ പലതവണ കണ്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഭരണപരമായ നൂലാമാലകൾ സൃഷ്ടിക്കുമെന്നും മറ്റു സംസ്ഥാനങ്ങളും പല പേരുകൾ ആവശ്യപ്പെടുമെന്നുമൊക്കെയുള്ള കാരണങ്ങൾ രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ഒടുവിൽ, മൂന്നു ഭാഷകളിലെ മൂന്നു പേരുകൾ എന്ന ആവശ്യം പിൻവലിച്ച് ഒറ്റ പേരു നിശ്ചയിക്കുകയായിരുന്നു.

എല്ലാ ഭാഷകളിലും, പശ്ചിമ ബംഗാൾ ഇനി ബെംഗ്ല എന്നറിയപ്പെടും. നിയമസഭയുടെ തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ‘ബെംഗ്ല’ ഔദ്യോഗിക നാമമാകും. ഈ വർഷാവസാനത്തോടെ പേരുമാറ്റം യാഥാർഥ്യമാകുമെന്നാണു കരുതുന്നത്.

2000ത്തിൽ ഇടതു സർക്കാരാണ് കൽക്കട്ടയുടെ പേര് കൊൽക്കത്ത എന്നാക്കി മാറ്റിയത്. അന്നും ബംഗാളിനെ ബെംഗ്ല ആക്കാൻ ആലോചിച്ചിരുന്നുവെങ്കിലും വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അതു നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഒരേ സമയം രണ്ടു പേരുമാറ്റം വരുന്നത് വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

പലപടി കയറ്റം

ബെംഗ്ല എന്ന പേരു കിട്ടുന്നതോടെ ബംഗാൾ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാലാമതാകും. ഇംഗ്ലിഷ് അക്ഷരമാല പ്രകാരം ‘ബി’ യിൽ തുടങ്ങുന്ന ബെംഗ്ലയ്ക്കു മുൻപിലുള്ളത് ‘എ’യിൽ തുടങ്ങുന്ന ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസം എന്നിവ മാത്രമാകും. ബിഹാറിനും മുൻപിലായിരിക്കും ബെംഗ്ല. നിലവിൽ ഇംഗ്ലിഷിൽ ‘വെസ്റ്റ് ബംഗാൾ’ എന്ന പേരുള്ള ബംഗാൾ പട്ടികയിൽ ഏറ്റവും ഒടുവിലാണ്.

ഡബിൾ ഡെക്കർ ബസ് തിരിച്ചുവരും

1996ൽ നിർത്തലാക്കിയ ഡബിൾ ഡെക്കർ ബസുകൾ വീണ്ടും തുടങ്ങാനും നിയമസഭ തീരുമാനിച്ചു. ചുവന്ന ഇരട്ടനില ബസുകൾ ഒരുകാലത്ത് കൊൽക്കത്തയുടെ പ്രതാപചിഹ്നങ്ങളിലൊന്നായിരുന്നു. മലിനീകരണ പ്രശ്നങ്ങളെത്തുടർന്ന് ജ്യോതിബസു സർക്കാരാണ് ഇതു നിർത്തലാക്കിയത്. 1926ൽ ബ്രിട്ടിഷ് ഭരണകാലത്താണ് കൊൽക്കത്തയിലും മുംബൈയിലും ഡബിൾ ഡെക്കർ ബസുകൾ ആരംഭിച്ചത്. മുംബൈയിൽ ഇപ്പോഴും ഇതു തുടരുന്നു.