ആധാർ പൗരത്വത്തിന്റെ തെളിവല്ല: താനെ കോടതി

മുംബൈ ∙ ആധാർ കാർഡ് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാൻ ആവില്ലെന്നു താനെ കോടതി. രാജ്യത്ത് അനധികൃതമായി താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ ആധാർ കാർഡ് ഹാജരാക്കിയെങ്കിലും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു നിരീക്ഷണം. ആധാർകാർഡ് പൗരത്വത്തിന്റെയോ താമസത്തിന്റെയോ രേഖയല്ലെന്ന മറ്റൊരു കേസിലെ കൊൽക്കത്ത ഹൈക്കോടതി വിധി കോടതി ചൂണ്ടിക്കാട്ടി.

2016 ഡിസംബറിൽ 11ന് ബംഗ്ലദേശുകാർക്കൊപ്പം അറസ്റ്റിലായ മുഹമ്മദ് നാസിർ ഹാഫിസ് സദ്ദാർ (42) എന്നയാളുടെ ജാമ്യാപേക്ഷയാണു തള്ളിയത്. പാസ്‌പോർട്ടോ സാധുവായ രേഖകളോ ഇല്ലാതെ 2016 മാർച്ച് മുതൽ ഇയാൾ ഇന്ത്യയിൽ കഴിയുകയാണ്. അതിനിടെ ആധാർകാർഡും വോട്ടർ ഐഡിയും റേഷൻ കാർഡുമെടുത്തു. കൈവശമുള്ള പാൻകാർഡും സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും വ്യാജമാണെന്നു തെളിഞ്ഞിരുന്നു.  വ്യാജ രേഖകൾ ഉപയോഗിച്ച് ഇയാൾ ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു.