ട്രെയിനിലും ഭക്ഷണാവശിഷ്ടം ശേഖരിക്കണമെന്ന് നിർദേശം

ന്യൂഡൽഹി ∙ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെപ്പോലെ, ഭക്ഷണത്തിനുശേഷം ട്രെയിനിലും ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞപാത്രങ്ങളും ശേഖരിക്കാൻ പാൻട്രി ജീവനക്കാർ സഞ്ചിയുമായി യാത്രക്കാരെ സമീപിക്കണമെന്നു റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

ട്രെയിൻ വൃത്തിയായി സൂക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിലവിൽ യാത്രക്കാർ ഭക്ഷണം കഴിച്ചശേഷം കടലാസുപാത്രങ്ങൾ സീറ്റിന് അടിയിലാണു വയ്ക്കുക. പിന്നീട് ഇവ ഒരുമിച്ചു നീക്കംചെയ്യുകയാണു പതിവ്. ഈ രീതി മൂലം ഭക്ഷ്യവസ്തുക്കൾ നിലത്തുവീണു വൃത്തികേടാകാറുണ്ട്. ഭക്ഷണത്തിനുശേഷം സഞ്ചിയുമായി യാത്രക്കാരെ സമീപിക്കാൻ 17നു നടന്ന ബോർഡ് യോഗത്തിലാണു ചെയർമാൻ നിർദേശിച്ചത്.