വ്യക്തിവിവര സംരക്ഷണം: നിയമഭേദഗതി വേണ്ടിവരുമെന്ന് ശ്രീകൃഷ്ണ കമ്മിറ്റി

ന്യൂഡൽഹി ∙ സവിശേഷ തിരിച്ചറിയൽ അതോറിറ്റിക്ക് (യുഐഡിഎഐ) കൂടുതൽ അധികാരം നൽകണമെന്ന വ്യക്തിവിവര സംരക്ഷണ നിയമത്തിലെ ശുപാർശ ആധാർ വിവരങ്ങളുടെ ദുരുപയോഗം കുറയ്ക്കാൻ വഴിയൊരുക്കുമെന്നു വിലയിരുത്തൽ. വ്യക്തിവിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ആധാർ നിയമം, വിവരാവകാശ നിയമം (ആർടിഐ), വിവര സാങ്കേതിക നിയമം എന്നിവയിൽ ഭേദഗതികൾ വേണമെന്നാണ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശുപാർശ.

ആധാർ അതോറിറ്റിക്കു സാമ്പത്തിക– പ്രവർത്തന വിഷയങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള പൂർണ അധികാരം നൽകണമെന്നും സമിതി നിർദേശിക്കുന്നു. വിവര ചോർച്ചയ്ക്ക് ഇടവരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാൻ ആധാർ നിയമത്തിൽ നിലവിൽ വ്യവസ്ഥയില്ല. ആധാർ വിവരങ്ങളുടെ ചോർച്ച ആവർത്തിക്കപ്പെടുമ്പോഴും അതോറിറ്റി മൗനം പാലിച്ചിരുന്നത് ഇക്കാരണത്താലാണ്. അനാവശ്യമായി ആധാർ വിവരങ്ങൾ ആവശ്യപ്പെടുക, അനുമതിയില്ലാത്ത ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുക ഇതെല്ലാം സംഭവിക്കുന്നുണ്ട്.

എന്നാൽ ഇത്തരം കമ്പനികൾ നിലവിൽ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വ്യക്തിവിവരങ്ങളുടെ ചോർച്ചയ്ക്കു കാരണമാകുന്നുവെന്നും അതിനാൽ അടിയന്തരമായി ആധാർ നിയമത്തിൽ ഭേദഗതി വേണമെന്നുമാണ് സമിതിയുടെ നിർദേശം. ആധാർ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ നടപ്പാക്കിയ വെർച്വൽ ഐഡി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും സമിതി ഉയർത്തുന്നു. നിർണായക പൊതുവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്കു ലഭിക്കുന്നതു തടയുന്ന വിധത്തിൽ വിവരാവകാശ നിയമത്തിൽ മാറ്റം വേണമെന്നും സമിതി നിർദേശമുണ്ട്.