ആരുമറിയാതെ ആധാർ ടോൾഫ്രീ നമ്പർ ഫോണിൽ

ന്യൂഡൽഹി∙ ആധാർ കാർഡ് അനുവദിക്കുന്ന തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടതു വിവാദമാകുന്നു. ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്നിട്ടുള്ള സൈബർ സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സ്നാണ് ആദ്യം ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.

പിന്നാലെ കൂടുതൽ ആളുകൾ ഇതേ പരാതിയുമായെത്തി. സേവ് ചെയ്യാത്ത നമ്പർ എങ്ങനെ ഫോണിൽ പ്രത്യക്ഷപ്പെട്ടുവെന്നാണു സംശയം. ആധാർ നമ്പരും മൊബൈൽ നമ്പരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണു നമ്പർ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. ചിലർ മൊബൈൽ സേവന ദാതാക്കളെ പഴിചാരിയപ്പോൾ ‘എംആധാർ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനാലാണ് ഇതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. തിരിച്ചറിയൽ അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.