ഭീകരന്റെ മകൾക്ക് പാസ്പോർട്ട് നിഷേധിച്ചു; ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയലക്ഷ്യം

ശ്രീനഗർ ∙ കശ്മീർ ഭീകരൻ മുഷ്താഖ് അഹമ്മദ് സാഗറിന്റെ മകൾക്ക് അകാരണമായി പാസ്പോർട്ട് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന ഇന്റലിജൻസ് മേധാവിക്കും പാസ്പോർട്ട് ഓഫിസർക്കുമെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങി. 1999ൽ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി കശ്മീർ ജയിലിൽനിന്ന് ഇന്ത്യ മോചിപ്പിച്ച അഞ്ച് കൊടുംഭീകരരിൽ ഒരാളാണു സാഗർ.

സാഗറിന്റെ മകൾ അയിഷ മുഷ്താഖ് 2013ൽ അമ്മ വഴി പാസ്പോർട്ടിന് അപേക്ഷിച്ചെങ്കിലും പിതാവിന്റെ ഭീകരബന്ധം ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് നൽകിയതിനാൽ നിഷേധിച്ചു. തുടർന്ന് അയിഷ കോടതിയെ സമീപിച്ചു. പാസ്പോർട്ട് നൽകുന്ന കാര്യം പുനഃപരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. പിതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മുൻവിധിയാൽ സ്വാധീനിക്കപ്പെടാതെ അയിഷയുടെ കാര്യം നിഷ്പക്ഷമായി പരിഗണിക്കാനാണു കോടതി പാസ്പോർട്ട് അധികൃതരോടും ഇന്റലിജൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥർ 2017 ഡിസംബർ 29ലെ കോടതി ഉത്തരവിന്റെ സത്ത ഉൾക്കൊണ്ടു പ്രവർത്തിച്ചില്ലെന്നു ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ ചൂണ്ടിക്കാട്ടി.