രേഖകളില്ലെങ്കിലും ആധാർ വിലാസം പുതുക്കാം

ന്യൂഡൽഹി∙ ആധാർ കാർഡിലെ വിലാസം എളുപ്പത്തിൽ പുതുക്കാനുള്ള സംവിധാനം അടുത്ത ഏപ്രിൽ മുതൽ. നിശ്ചിത രേഖകൾ കൈവശമില്ലാത്തവർക്കു രഹസ്യ പിൻ നമ്പർ ഉപയോഗിച്ചു വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) നടപ്പാക്കുന്നത്. ജനുവരിയിൽ ഇതു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. 

നിലവിൽ പാസ്പോർട്ട്, ബാങ്ക് പാസ്ബുക്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, റജിസ്റ്റർ ചെയ്ത വാടകക്കരാർ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി 35 രേഖകളിൽ ഏതെങ്കിലുമുണ്ടെങ്കിൽ മാത്രമാണു വിലാസം പുതുക്കാൻ സാധിക്കുക. 

ഇത്തരം രേഖകൾ കൈവശമില്ലാത്തവർ വിലാസം മാറ്റുന്നതിനുള്ള അപേക്ഷ നൽകിയാൽ ഇവർക്കു രഹസ്യ പിൻ ഉൾപ്പെടുന്ന കത്ത് ആധാർ അതോറിറ്റിയിൽ നിന്നു ലഭിക്കും. ഈ പിൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി വിലാസം പുതുക്കാം. വാടകയ്ക്കു താമസിക്കുമ്പോഴും ജോലിക്കായി വിവിധ സ്ഥലങ്ങളിൽ പോകുമ്പോഴും വിലാസം മാറ്റാനുള്ള  ബുദ്ധിമുട്ടു പരിഗണിച്ചാണു പുതിയ തീരുമാനം.