ഫോണിൽ ആധാർ ഹെൽപ്‌ലൈൻ നമ്പർ: ഗൂഗിൾ പറഞ്ഞു; ആ പിഴവ് ഞങ്ങളുടേത്, മാപ്പ്

ന്യൂഡൽഹി∙ ആളെക്കുഴക്കിയ ആ ചോദ്യത്തിന് ഒടുവിൽ ‘ഗൂഗിൾ’ മറുപടി നൽകി - ‘അത് ഞങ്ങളുടെ പിഴ’. ആധാർ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈൽ ഫോണുകളിൽ ഹെൽപ്‌ലൈൻ നമ്പർ പ്രത്യക്ഷപ്പെട്ടതിന്റെ കുറ്റം ഗൂഗിൾ ഏറ്റെടുത്തു. ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയറിലെ പ്രശ്നം കാരണമാണിതെന്നു വിശദീകരിച്ച ഗൂഗിൾ ഇതുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളിൽ ക്ഷമ ചോദിച്ചിട്ടുമുണ്ട്.

മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട ഹെൽപ്‌ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആൻഡ്രോയ്ഡ് സെറ്റ് അപ് സഹായത്തിനു ബന്ധപ്പെടേണ്ട 112 എന്ന നമ്പരിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണു പ്രശ്നത്തിനിടയാക്കിയതെന്നു ഗൂഗിൾ വിശദീകരിക്കുന്നു.

2014ലാണ് ഈ പിഴവുണ്ടായത്. ഉപയോക്താക്കൾ ഫോണിൽ സൂക്ഷിക്കുന്ന നമ്പറുകളുടെ പട്ടികയിൽ കടന്നുകൂടിയ ഈ നമ്പർ ആവശ്യമെങ്കിൽ സ്വയം ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിൾ അറിയിച്ചു. ഐഫോണുകളിലും ഇതു കടന്നെത്തിയിരിക്കാമെന്നും ജിമെയിൽ അക്കൗണ്ടിൽനിന്നു കോൺടാക്ട് പട്ടിക കൈമാറ്റം ചെയ്തവർക്കാകും ഈ പ്രശ്നമുണ്ടാകുകയെന്നും വിശദീകരണമുണ്ട്.

ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ എങ്ങനെ ഫോണിലെത്തിയെന്നതു സംബന്ധിച്ച് ആശങ്കയുണർന്നിരുന്നു.