ബിഹാറിൽ ഡോക്ടർ സമരം; ചികിൽസ കിട്ടാതെ മരിച്ചത് 12 രോഗികൾ

പട്ന ∙ ബിഹാറിൽ സർക്കാർ ഡോക്ടർമാരുടെ സമരത്തെ തുടർന്നു 12 രോഗികൾ ചികിൽസ കിട്ടാതെ മരിച്ചു. സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ സെക്രട്ടറി ഇടപെട്ട് ഉറപ്പുകൾ നൽകിയതിനെ തുടർന്നു ഡോക്ടർമാർ സമരം അവസാനിപ്പിച്ചു. നാളന്ദ മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിനെ തുടർന്നാണു ചൊവ്വാഴ്ച സമരം ആരംഭിച്ചത്.

സമരത്തിനു പിന്തുണയുമായി പട്ന മെഡിക്കൽ കോളജിലെയും ദർഭംഗ മെഡിക്കൽ കോളജിലെയും ഡോക്ടർമാരും വ്യാഴാഴ്ചമുതൽ പണിമുടക്കിയതോടെയാണു സ്ഥിതി ഗുരുതരമായത്. മൂന്നു മെഡിക്കൽ കോളജുകളിൽ സമരം കാരണം ചികിൽസ കിട്ടാതെ 12 രോഗികൾ മരിച്ചതിനു പുറമേ അനേകം രോഗികളുടെ നില ഗുരുതരമാകുകയും ചെയ്തു. ജോലിസമയത്തു ഡോക്ടർമാർക്കു സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യ സെക്രട്ടറി ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്.