ദേശസുരക്ഷയോ വോട്ടു ബാങ്കോ? മമതയോടും രാഹുലിനോടും അമിത് ഷാ

കൊൽക്കത്ത∙ അസം ദേശീയ പൗരത്വ റജിസ്റ്റർ (എൻആർസി) പ്രശ്നത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ. വോട്ട് ബാങ്കാണോ രാജ്യമാണോ ആദ്യം വരുന്നതെന്ന് ഇരുനേതാക്കളും വ്യക്തമാക്കണമെന്നു ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണു അസം കരാർ ഒപ്പിട്ടത്. അക്കാലത്തു കോൺഗ്രസിനു പൗരത്വ റജിസ്റ്റർ പ്രശ്നമായിരുന്നില്ല. ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിൽ രാഹുൽ നിലപാടു വ്യക്തമാക്കുന്നില്ല. മമതയുടെ പാർട്ടി ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തെയും അഴിമതിയെയും ഒരുപോലെ പ്രീണിപ്പിക്കുന്നു. വോട്ട് ബാങ്കാണു ഇവരുടെ ലക്ഷ്യം – പാർട്ടി റാലിയിൽ അമിത് ഷാ പറഞ്ഞു.

ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാർ മുൻപു കമ്യൂണിസ്റ്റ് സർക്കാരിന്റെ വോട്ട് ബാങ്കായിരുന്നു. ഇപ്പോഴതു ടിഎംസിയുടേതായി. ‘ദേശസുരക്ഷയാണോ വോട്ട് ബാങ്കാണോ പ്രധാനം എന്ന കാര്യം മമതയും രാഹുലും വ്യക്തമാക്കണം. ബിജെപിക്കു രാജ്യമാണ് ആദ്യം’– ഷാ പറഞ്ഞു. അതേസമയം, അസം പൗരത്വ റജിസ്റ്റർ കരടു പ്രസിദ്ധീകരിച്ചതിനെതിരെ ബംഗാളിലെങ്ങും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കരിദിനമാചരിച്ചു. വിമാനത്താവളത്തിൽ നിന്നിറങ്ങവേ, അമിത് ഷായ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വാഹനവ്യൂഹം തടയാനും ശ്രമിച്ചു. പൊലീസ് ഇവരെ നീക്കം ചെയ്തു. ഭരണകക്ഷിയുടെ സമ്മർദംമൂലം റാലിയുടെ ദൃശ്യങ്ങൾ ടിവി ചാനലുകൾ മുക്കിയെന്ന അമിത് ഷായുടെ ആരോപണം തള്ളിയ തൃണമൂൽ, ഷായുടെ റാലി പൊളിയായിരുന്നുവെന്നും പ്രസ്താവിച്ചു.