ചരിത്രം വഴിമാറുന്നു; ജമ്മു കശ്മീർ ഹൈക്കോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

‌ശ്രീനഗർ ∙ ജമ്മു കശ്മീർ ഹൈക്കോടതിയുടെ തൊണ്ണൂറുവർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി വനിതാ ചീഫ് ജസ്റ്റിസും വനിതാ ജഡ്ജിയും. ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗീത മിത്തൽ ചുമതലയേറ്റതോടെയാണു ജമ്മു കശ്മീർ ഹൈക്കോടതിയിൽ വനിതകളും ഉൾപ്പെട്ട പുതുയുഗത്തിനു തുടക്കമാകുന്നത്. ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി സിന്ധു ശർമയെ നിയമിച്ചതു കഴിഞ്ഞയാഴ്ചയാണ്. 1928ൽ സ്ഥാപിതമായ ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുള്ള 107 ജഡ്ജിമാരും പുരുഷന്മാരാണ്.

ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് പദവിയിൽനിന്നാണു ഗീത ചീഫ് ജസ്റ്റിസാകുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു സിന്ധു ശർമ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അടുത്ത ബന്ധുകൂടിയാണ്. ആർ.ഭാനുമതി, ഇന്ദു മൽഹോത്ര എന്നിവർക്കു പുറമേ, ഈയിടെ സ്ഥാനക്കയറ്റം ലഭിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും കൂടിയായപ്പോൾ സുപ്രീം കോടതിയിൽ ഒരേസമയം മൂന്നു വനിതാ ജഡ്ജിമാരുള്ള ചരിത്രമുഹൂർത്തത്തിലാണു ജമ്മു കശ്മീർ ഹൈക്കോടതിയിലും ‘വനിതാ മുന്നേറ്റം’. രാജ്ഭവനിൽ നടന്ന ചടങ്ങി‍ൽ ഗവർണർ എൻ.എൻ.വോറ സത്യവാചകം ചൊല്ലിക്കൊടുത്തു.