വൃത്തിയിൽ മുന്നിൽ എറണാകുളം സൗത്ത്; വലിയ സ്റ്റേഷനുകളിൽ ജോധ്പുരും മാർവാഡും മുന്നിൽ

ന്യൂഡൽഹി ∙ റെയിൽവേ സ്റ്റേഷനുകളുടെ വൃത്തി മത്സരത്തിൽ (സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത് 2018) ജോധ്പുരും (എ–1 വിഭാഗം) മാർവാഡും (എ വിഭാഗം) ഒന്നാമത്. ഇരുവിഭാഗത്തിലും കേരളത്തിലെ സ്റ്റേഷനുകൾ പിന്നിൽ. വൃത്തിയിൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ ഏറെ മുന്നിലെത്തിയെന്നാണ് പുതിയ സർവേയിലെ കണ്ടെത്തൽ. 16 റെയിൽവേ മേഖലകളിൽ ഒന്നാമത് വടക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ദക്ഷിണ റെയിൽവേ ഏഴാമത്. 50 കോടി രൂപയിലേറെ വരുമാനമുള്ള 75 ‌സ്റ്റേഷനുകളാണ് എ–1 വിഭാഗത്തിലുള്ളത്.

ഇടത്തരം സ്റ്റേഷനുകൾ ഉൾപ്പെട്ട എ വിഭാഗത്തിൽ 332 സ്റ്റേഷനുകൾ. എ–1 വിഭാഗത്തിൽ കഴിഞ്ഞ തവണ പതിനേഴാമതായിരുന്ന ജോധ്പുരാണ് ഇത്തവണ ഒന്നാമതെത്തിയത്. എ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽനിന്നു മൈസൂരു മുന്നിലെത്തി. എ–1 പട്ടികയിൽ ഇരുപതാം സ്ഥാനമുള്ള എറണാകുളം സൗത്ത് ആണ് കേരളത്തിൽ ഒന്നാമത്. എ വിഭാഗത്തിൽ തിരുവല്ല 60–ാം റാങ്കുമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.

മറ്റു സ്റ്റേഷനുകളുടെ റാങ്ക്:

എ–1: കോഴിക്കോട് (41), തൃശൂർ (43), തിരുവനന്തപുരം സെൻട്രൽ (59)

എ: ആലുവ (93), ചെങ്ങന്നൂർ (105), പാലക്കാട് (123), കൊല്ലം (131), എറണാകുളം നോർത്ത് (133), ഷൊർണൂർ ജംക്‌ഷൻ (136), കാസർകോട് (139), കോട്ടയം (156), കായംകുളം (194), പയ്യന്നൂർ (209), തലശേരി (218), വടകര (261).