സിദ്ദുവിന് ശത്രുഘ്നൻ സിൻഹയുടെ പിന്തുണ

ശത്രുഘ്നൻ സിൻഹ

കൊൽക്കത്ത ∙ പാക്കിസ്ഥാൻ കരസേനാമേധാവിയെ ആലിംഗനം ചെയ്തതിന്റെ പേരിൽ വിമർശനത്തിനു വിധേയനായ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന് ബിജെപി എംപിയായ ശത്രുഘ്നൻ സിൻഹയുടെ പിന്തുണ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനെ ആലിംഗനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിവാദത്തിന്റെ കാര്യമേയില്ലെന്നും സംഭവം ഊതിവീർപ്പിക്കുകയാണെന്നും സിൻഹ പറഞ്ഞു.

‘പാർട്ടിക്കോ സർക്കാരിനോ എതിരെയല്ല ഞാൻ സംസാരിക്കുന്നത്. പാർട്ടിക്കു കണ്ണാടിയായാണ് എന്റെ പ്രവർത്തനം. നാനാജി ദേശ്മുഖ്, വാജ്പേയി, അഡ്വാനി എന്നിവരിൽ നിന്നാണ് എനിക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്. വ്യക്തിയേക്കാൾ വലുത് പാർട്ടിയാണെന്നും പാർട്ടിയേക്കാൾ വലുത് രാജ്യമാണെന്നുമാണ് അവരിൽ നിന്നു പഠിച്ചിട്ടുള്ളത്.’– അദ്ദേഹം പറഞ്ഞു.