അമിത് ഷായുടെ സുരക്ഷാച്ചെലവ് വെളിപ്പെടുത്തില്ല: സിഐസി

അമിത് ഷാ

ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സുരക്ഷാ ചെലവ് വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) വ്യക്തമാക്കി. വ്യക്തിപരവും സുരക്ഷയെ സംബന്ധിക്കുന്നതുമായ വിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് നടപടി.

അമിത് ഷായുടെ സുരക്ഷാച്ചെലവ് അറിയാൻ ദീപക് ജുനെജ വിവരാവകാശ നിയമം അനുസരിച്ച് ആദ്യം ശ്രമിച്ചത് 2014 ജൂലൈ അഞ്ചിനാണ്. അന്ന് ഷാ രാജ്യസഭാംഗം ആയിരുന്നില്ല. എന്നിട്ടും വിവരം നൽകാൻ കമ്മിഷൻ വിസ്സമ്മതിച്ചു. തുടർന്ന് സ്വകാര്യവ്യക്തികൾക്കു സർക്കാർ ചെലവിൽ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചട്ടം ഏതെന്നറിയാൻ അപ്പീൽ നൽകി. ഇതും അനുവദിച്ചില്ല.

സർക്കാർ സുരക്ഷ ഒരുക്കുന്ന വ്യക്തികളുടെ പട്ടിക അറിയിക്കണമെന്ന അപേക്ഷ ആഭ്യന്തര മന്ത്രാലയവും നിഷേധിച്ചു. ഈ നടപടികളെ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന്, അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വ്യവസ്ഥയുണ്ടോയെന്നു പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഈ പരിശോധനയ്ക്കു ശേഷമാണ് ആവശ്യം വീണ്ടും നിരസിച്ചത്.