കശ്മീരിൽ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ ∙ ജമ്മുകശ്മീരിൽ രണ്ടു ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബന്ദിപ്പോറ ജില്ലയിൽ ഹജിൻ മേഖലയിൽ സൈന്യവും സിആർപിഎഫും സംസ്ഥാന പൊലീസും ചേർന്നു നടത്തിയ തിരച്ചിലിനെ തുടർന്നാണു ഭീകരരെ വധിച്ചത്. തിരച്ചിൽ തുടരുകയാണെന്നും ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ചില മാസങ്ങളായി ഭീകരാക്രമണങ്ങൾ കശ്മീരിൽ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാൻ മേഖലയിൽ ഭീകരാക്രമണത്തിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.