കണക്കുകൂട്ടൽ പാളി; റദ്ദാക്കിയ നോട്ടുകളിൽ 99.3% തിരികെയെത്തി

മുംബൈ ∙ കള്ളപ്പണം പിടിക്കാനായി നടപ്പാക്കിയ നോട്ട് റദ്ദാക്കൽ, ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നതിനു തെളിവായി റിസർവ് ബാങ്കിന്റെ തന്നെ കണക്കുകൾ. റദ്ദാക്കിയ നോട്ടുകളുടെ 99.3% തിരികെ ലഭിച്ചതായാണ് റിസർവ് ബാങ്ക് റിപ്പോർട്ട്.  2016 നവംബർ എട്ടിനാണ് 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയത്. ഇതിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ വന്നതായി ആർബിഐ 2017–18 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

മൂന്നു ലക്ഷം കോടിയെങ്കിലും കള്ളപ്പണമുണ്ടെന്നും അതു തിരികെയെത്തില്ലെന്നുമായിരുന്നു സർക്കാർ പ്രതീക്ഷ. എന്നാൽ ഇനി ലഭിക്കാനുള്ളത് 10,720 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ രണ്ടു വർഷം വേണ്ടിവന്നു. ഇതോടെ തിരികെ വന്ന നോട്ടുകളെക്കുറിച്ചുള്ള കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായതായി ആർബിഐ വ്യക്തമാക്കുന്നു. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 86 ശതമാനവും പിൻവലിക്കപ്പെട്ടിരുന്നു. റദ്ദാക്കിയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചതും മാറ്റി വാങ്ങിയതും ചേർത്തുള്ള കണക്കാണ് ആർബിഐ പുറത്തുവിട്ടത്.