കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ റാഞ്ചി; വിട്ടയച്ചു

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ വിവിധ സ്ഥലങ്ങളിൽനിന്നായി പൊലീസ് ഉദ്യോഗസ്ഥരുടെ എട്ടു ബന്ധുക്കളെ ഭീകരർ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും അവർ വീടുകളിൽ തിരിച്ചെത്തിയോ എന്നു വ്യക്തമാക്കിയില്ല. ഹിസ്ബുൽ മുജാഹിദീൻ തലവൻ സയീദ് സലാഹുദീന്റെ രണ്ടാമത്തെ മകൻ സയീദ് അഹമ്മദ് ഷക്കീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതിന്റെ പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.

ദക്ഷിണ കശ്മീരിലെ ഷോപിയാൻ, കുൽഗാം, അനന്ദ്‌നാഗ് എന്നിവിടങ്ങളിൽനിന്നാണു പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയത്. ഇതേസമയം, കഴിഞ്ഞദിവസം ശ്രീനഗറിലെ റാംബാഗിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്ത സയീദ് അഹമ്മദ് ഷക്കീലിനെ (48) ഡൽഹി കോടതിയിൽ ഹാജരാക്കി. ഷക്കീലിനെ 48 മണിക്കൂർ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ലാബ് അസിസ്റ്റന്റാണ് ഷക്കീൽ. ഭീകരപ്രവർത്തനത്തിനു പണം സ്വീകരിച്ചെന്ന 2011ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.