കേന്ദ്ര നയങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പ്രതിഷേധം; രാംലീല മൈതാനം മുതൽ പാർലമെന്റ് സ്ട്രീറ്റ് വരെ റാലി

സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവർ ചേർന്നു ഡൽഹിയിൽ നടത്തിയ പ്രകടനം. കെ.കെ.രാഗേഷ്, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ, വിജു കൃഷ്ണൻ തുടങ്ങിയവർ മുൻ നിരയിൽ.

ന്യൂഡൽഹി∙ കർഷക–തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ചും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചും രാജ്യതലസ്ഥാനത്തു കർഷകരുടെയും തൊഴിലാളികളുടെയും വമ്പൻ പ്രക്ഷോഭം. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിനു പേരെത്തിയ മാ‌ർച്ചിൽ നഗരം നിശ്ചലമായി. പ്രളയക്കെടുതി അവഗണിച്ചും കേരളത്തിൽ നിന്നു പതിനായിരത്തിലധികംപേർ സമരത്തിന്റെ ഭാഗമായി. മഹാരാഷ്ട്രയിലെ ലോങ് മാർച്ചിനെ അനുസ്മരിപ്പിച്ച മാ‌ർച്ചിൽ മൂന്നു ലക്ഷത്തോളം പേർ പങ്കെടുത്തെന്നു സംഘാടകർ അറിയിച്ചു.

ഇതിനു തുടർച്ചയായി നവംബറിൽ സിഐടിയു ലോങ് മാർച്ചും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ നാലു ഭാഗങ്ങളിൽ നിന്നായി ഡൽഹിയിലേക്കാണ് ലോങ് മാർച്ചെന്ന് ജനറൽ സെക്രട്ടറി തപൻ സെൻ പ്രഖ്യാപിച്ചു.

സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാംലീല മൈതാനത്തു നിന്നു രാവിലെ ഒൻപതോടെ ആരംഭിച്ച പ്രകടനം പന്ത്രണ്ടു മണിയോടെ പൂർണമായും പാർലമെന്റ് സ്ട്രീറ്റിലെത്തി.മുതലാളിമാരെയും പണക്കാരെയും മനസ്സിൽക്കണ്ടാണ് മോദി സർക്കാർ നയങ്ങൾ ആവിഷ്കരിക്കുന്നതെന്നു സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ആരോപിച്ചു.

 പ്രസിഡന്റെ കെ.ഹേമലത, എഐകെഎസ് ജനറൽ സെക്രട്ടറി ഹന്നാൻ മൊള്ള, പ്രസിഡന്റ് അശോക് ധാവ്‌ലെ, എഐഎഡബ്ല്യൂ ജനറൽ െസക്രട്ടറി എ.വിജയരാഘവൻ, പ്രസിഡന്റ് എസ്.തിരുനാവകരശ്, നേതാക്കളായ വിജു കൃഷ്ണൻ, എ.ആർ.സിന്ധു, പി.കൃഷ്ണപ്രസാദ്, കെ.കെ.ദിവാകരൻ, ഓമല്ലൂർ ശങ്കരൻ, എം.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി, മുഹമ്മദ് സലിം, കേന്ദ്ര എളമരം കരീം എംപി, എം.വി.ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

രാജ്യത്തെ മുഴുവൻ കർഷകർക്കും തൊഴിലാളികൾക്കും കുറഞ്ഞ 18,000 വേതനം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക തുടങ്ങി പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.